ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

ബുധന്‍, 7 ജൂണ്‍ 2017 (10:24 IST)
ഖത്തറിനെതിരെ കടുത്ത നടപടികളുമായി സൗദി അടക്കമുളള രാഷ്ട്രങ്ങള്‍ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ കടുത്ത നിയമ നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ അടക്കമുളള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം നടപടികള്‍ സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു
 
ഖത്തറിനെ അനുകൂലിക്കുന്ന തരത്തിലുള്ള പോസ്‌റ്റുകളോ കമന്റുകളോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. അതുകൊണ്ടുതന്നെ യുഎഇയിലെ ലക്ഷക്കണക്കിനു വരുന്ന മലയാളികള്‍ അടക്കമുളളവര്‍ ഇക്കാര്യത്തില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചന നല്‍കിയതായാണ് വിവരം.
 
സൗദി അറേബ്യക്ക് പിന്നാലെ നിരവധി രാജ്യങ്ങളാണ് ഖത്തറിനെതിരെയുളള നടപടികളുമായി മുന്നോട്ടു പോകുന്നത്. മൗറിത്താനിയും ജോര്‍ദാനും ഖത്തറുമായുളള ബന്ധം വിച്ഛേദിച്ചു. സൗദിയിലുളള ഖത്തറിന്റെ ഓഫിസുകളെല്ലാം അടച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സാവകാശമാണ് സൗദി നല്‍കിയിരിക്കുന്നത്. കൂടാതെ ഖത്തര്‍ മണി എക്‌സ്‌ചേഞ്ചുമായുളള ഇടപാട് നിര്‍ത്തിവെക്കാനും സൗദി ഉള്‍പ്പെടെ മൂന്നു രാജ്യങ്ങള്‍ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക