ദക്ഷിണാഫ്രിക്കക്കാര് മണ്ടേലയെ വിളിക്കുന്നത് ‘മാഡിബ’ എന്നാണ്. ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും അധികം ബഹുമാനം ഉള്‍ക്കൊള്ളുന്ന വാക്കാണ് ‘മാഡിബ‘. കറുത്ത വര്‍ഗക്കാരുടെ ഉദയത്തിനായി അക്ഷീണം പ്രയത്നിച്ച ധീര നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല.
1918 ജൂലൈ 18ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും, വിറ്റവാട്ടര്‍സാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. ജോഹന്നസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ തല്പ്പരനായിരുന്നു.
തുടര്‍ന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വര്‍ണ്ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ മണ്ടേല, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേര്‍ന്നു. തുടക്കത്തില്‍ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാര്‍ഗ്ഗമാണ് സ്വീകരിച്ചത്.
രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വര്‍ഷത്തോളമാണ് മണ്ടേല ജയില്‍വാസം അനുഭവിച്ചത്.
മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വി സിസ്വേയുടെയും നേതാവായിരുന്ന മണ്ടേലയെ വര്‍ണ്ണവിവേചനത്തെ എതിര്‍ത്തവര്‍ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോള്‍, വര്‍ണ്ണവിവേചനത്തെ അനുകൂലിച്ചവര്‍ അദ്ദേഹത്തെയും എഎന്സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്.
2008 ജൂലൈ വരെ അമേരിക്കന്‍ ഗവണ്മെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവര്‍ത്തനങ്ങളുടെയും മറ്റും കാരണത്താല്‍ മണ്ടേലക്ക് 27 വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടതായി വന്നു.
2009 നവംബറില്‍ യുഎന്‍ പൊതുസഭ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18, ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വിജയിച്ച് 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കര് പ്രസിഡണ്ടായിരുന്നു അദ്ദേഹം, ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
കറുത്ത വര്‍ഗക്കാരുടെ ഉന്നമനത്തിനായി പോരാടിയ ആ വിപ്ലവസൂര്യന് ഇനി എല്ലാവര്ക്കും ഒരോര്‍മയായി എന്നുമെന്നും മനസുകളില്‍ ഉണ്ടാകും.