ഓസീസുകാരന്‍ 75 അടിവാങ്ങി രക്ഷപ്പെട്ടു!

വെള്ളി, 13 ജനുവരി 2012 (16:35 IST)
ഓസ്‌ട്രേലിയയില്‍ നിന്ന് മദീനയില്‍ തീര്‍ത്ഥാടനം നടത്തി പുണ്യം നേടാനെത്തി തടവിലാക്കപ്പെട്ട അല്‍ മരിബെയെ ഓര്‍മയില്ലേ? പ്രവാചകനായ മുഹമ്മദ് നബിയുടെ സഹചരന്മാരെ പറ്റി വേണ്ടാതീനം പറഞ്ഞു എന്ന കുറ്റത്തിന് 500 ചാട്ടയടിയും ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയുമാണ് സൌദി കോടതി അല്‍ മരിബെക്ക് വിധിച്ചിരുന്നത്. എന്നാല്‍ മരിബെയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് സൌദി ഭരണകൂടം ചാട്ടയടി 75 ആയി കുറയ്ക്കുകയും തടവുശിക്ഷ റദ്ദാക്കുകയും ചെയ്തു.

കടുത്ത പുറം വേദനയുള്ളയാളാണ് നാല്‍‌പ്പത്തുകാരനായ അല്‍ മരിബെ. അഞ്ഞൂറ്‌ പോയിട്ട്, അമ്പത് ചാട്ടയടിയെങ്കിലും ഏല്‍‌കാനുള്ള ആരോഗ്യം അല്‍‌ മരിബെയ്ക്ക് ഇല്ലെന്ന് അല്‍ മരിബെയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതറിഞ്ഞതോടെ, ഓസ്‌ട്രേലിയന്‍ ജനതയൊന്നടങ്കം മരിബെയുടെ മോചനത്തിനായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് സര്‍ക്കാരിനൊട് ആവശ്യപ്പെടുകയായിരുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ഓസ്‌ട്രേലിയന്‍ വിദേശകാര്യവകുപ്പ് പ്രശ്നത്തില്‍ ഇടപെട്ടു. ഒടുവില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നിരന്തര അഭ്യര്‍ഥനയും മരിബെയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു നല്‍കാന്‍ സൗദി അറേബ്യന്‍ ഭരണകൂടം തയാറാവുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് മരിബെയുടെ ശിക്ഷ നടപ്പാക്കിയത്. ശരിക്കുള്ള ചാട്ടയടിക്കല്ല മരിബെ വിധേയനായതെന്ന് അറിയുന്നു. പ്രതീകാത്മകമായ ചാട്ടയടി നടത്തി മരിബെയുടെ ശിക്ഷ നടപ്പാക്കുകയായിരുന്നു. അടുത്ത ആഴ്ചയോടെ മരിബെക്ക് സ്വരാജ്യത്ത് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക