രണ്ടാം ഊഴം പൂർത്തിയാക്കിയ പ്രസിഡന്റ് ബരാക് ഒബാമയുടെ പിൻഗാമിയെ കണ്ടെത്താൻ അമേരിക്ക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സൂപ്പർ ചൊവ്വയിൽ 12 സംസ്ഥാനങ്ങളിലായി നടന്ന യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ മത്സരത്തിൽ ഹിലരി ക്ളിന്‍റൻ നയിച്ച ഡെമോക്രാറ്റിക് നിരയും ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടുന്ന റിപ്പബ്ളിക്കന്‍ പടയും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെയാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടേറിയത്.
വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഇറാഖ് യുദ്ധത്തിന് അനുമതിനല്‍കിയ പാരമ്പര്യമുള്ള ഹിലരിയുടെ പ്രവർത്തനം പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും അംഗീകാരം നല്‍കുന്ന ഹിലരിയുടെ സഹിഷ്ണുതാ നിലപാട് റിപ്പബ്ളിക്കന്‍ അണികളുടെവരെ കൈയടി നേടിക്കൊണ്ടിരിക്കുകയാണ്. ഭരണപരമായ പരിചയം, ലിബറല്‍ നിലപാടുകള്‍ എന്നിവയാണ് ഹിലരിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
നിലവിൽ പാർട്ടിയിലെ പ്രധാന എതിരാളി ബേണി സാന്‍ഡേഴ്സിനെ 1003 പ്രതിനിധികളുടെ പിന്തുണയോടെ ഏറെ പിന്നിലാക്കാൻ ഹിലരിക്ക് കഴിഞ്ഞിട്ടുണ്ട്. 371 പ്രതിനിധികളുടെ പിന്തുണ മാത്രമാണ് സാന്‍ഡേഴ്സിന് ലഭിച്ചത്. ബേണി സാന്‍ഡേഴ്സിന് ലഭിക്കേണ്ട വോട്ടുകളും ഹിലരിക്ക് ലഭ്യമാകാനിടയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കുപോലും അരിശംപകരുന്ന ചടുല പ്രസ്താവനകള്‍ തുടര്‍ച്ചയായി പുറത്തുവിടുന്ന ഡൊണാള്‍ഡ് ട്രംപിന്‍ന്റെ എടുത്തുചാട്ടം ട്രംപിനു തന്നെ വിനയാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കടുത്ത വംശവെറിയും വിദ്വേഷ പ്രസംഗങ്ങളുമായാണ് ട്രംപ് മത്സരത്തിനിറങ്ങിയത്. വിവേകശൂന്യമായി വൈകാരിക പ്രകോപനങ്ങള്‍ സൃഷ്ടിച്ചും വംശീയതയുടെ കാര്‍ഡിറക്കിയും ട്രംപ് നടത്തുന്ന പ്രചാരണങ്ങള്‍ റിപ്പബ്ളിക്കന്‍ അണികളിൽ തന്നെ വിള്ളല്‍ സൃഷ്ടിക്കുന്നുണ്ട്.
രാജ്യത്തുള്ള മുസ്ലിംകളെ മുഴുവന്‍ നാടുകടത്തണമെന്നും ഒരു കോടിയിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികടത്തണമെന്നുമുള്ള ട്രംപിന്റെ പ്രചാരണങ്ങൾ ഇതിനകം രാജ്യാന്തരസമൂഹത്തിൽ കടുത്ത വിമര്‍ശത്തിനിടയാക്കിക്കഴിഞ്ഞു. കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്നും മുസ്ലിംകളെ രാജ്യത്തുനിന്ന് തുരത്തണമെന്നുമായിരുന്നു വിവാദത്തിനിടയാക്കിയ ട്രംപിന്റെ പ്രസംഗം. ട്രംപിന്റെ ഇന്ത്യാ വിരുദ്ധ വിദ്വേഷ സമീപനവും വ്യാപക വിമര്‍ശങ്ങള്‍ക്കിടയാക്കുകയുണ്ടായി.
അടുത്ത സ്ഥാനാര്‍ഥിത്വനിര്‍ണയ മത്സരം മാര്‍ച്ച് 15ന് പൂര്‍ത്തീകരിക്കുന്നതോടെ രാഷ്ട്രീയ ചിത്രത്തില്‍ ഹിലരിയുടെ പ്രവർത്തനങ്ങൾ മിഴിവോടെ തെളിയുമെന്ന് രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നു. ട്രംപിൻന്റെ എടുത്തുചാട്ടം ഹിലരിയുടെ പാത സുഗമമാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം സ്വകാര്യ ഇ-മെയില്‍ വഴി രാജ്യരക്ഷാ വിവരങ്ങൾ കൈമാറിയെന്ന ആരോപണം ഹിലരിയുടെ മത്സരത്തെ കാര്യമായി ബാധിക്കുന്നുമുണ്ട്.