4 വയസുകാരൻ സ്കൂളിൽ നിന്നും കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം: അബോധാവസ്ഥയിൽ ചികിത്സയിലെന്ന് പരാതി

അഭിറാം മനോഹർ

ഞായര്‍, 2 മാര്‍ച്ച് 2025 (09:51 IST)
നാല് വയസുകാരന്‍ സ്‌കൂളില്‍ നിന്നും കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശമുണ്ടായതായി പരാതി. മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ചോക്ലേറ്റ് കഴിച്ചത്. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിലാണ് ലഹരിയുടെ അംശം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പോലീസിനും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
 
ഫെബ്രുവരി 17നാണ് സംഭവം. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ആദ്യം കുട്ടിയെ വടവാതൂരിലെ ആശുപതിര്യിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെയാണ് ചോക്ലേറ്റ് കഴിച്ചതില്‍ നിന്നാണോ ആരോഗ്യപ്രശ്‌നമുണ്ടായതെന്ന രീതിയില്‍ സംശയം ഉയര്‍ന്നത്. 
 
 ഉറക്കമില്ലായ്മയുള്‍പ്പടെയുള്ള രോഗാവസ്ഥയ്ക്ക് നല്‍കുന്ന ബെന്‍സോഡായാസിപെന്‍സ് എന്ന മരുന്ന് ചിലര്‍ ലഹരിക്കായും ഉപയോഗിക്കാറുണ്ട്. ഈ മരുന്നിന്റെ അംശമാണ് കുട്ടി കഴിച്ച ചോക്ലേറ്റില്‍ കണ്ടെത്തീയത്. മരുന്നിന്റെ അംശം എങ്ങനെ ചോക്‌ളേറ്റില്‍ വന്നുവെന്നതില്‍ അവ്യക്തത തുടരുകയാണ്. എങ്ങനെ ക്ലാസ് മുറിയില്‍ ചോക്‌ളേറ്റ് എത്തി എന്നതിലും അന്വേഷണം വേണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. കുട്ടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതെ ഉള്ളുവെന്ന് കുടുംബം പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍