മൂന്നാം ടേം നല്‍കാന്‍ ദേശീയ നേതൃത്വം തയ്യാര്‍; പിണറായി 'നോ' പറയും, ലക്ഷ്യം തലമുറ മാറ്റം

രേണുക വേണു

ഞായര്‍, 2 മാര്‍ച്ച് 2025 (09:02 IST)
മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുന്നതില്‍ സിപിഎം ദേശീയ നേതൃത്വത്തിനു എതിര്‍പ്പില്ല. പിണറായിക്ക് മൂന്നാം ഊഴം നല്‍കാന്‍ പാര്‍ട്ടിയുടെ എല്ലാ നിബന്ധനകളിലും ഇളവുനല്‍കാന്‍ ദേശീയ നേതൃത്വം തയ്യാറാണ്. പാര്‍ട്ടി പദവികളില്‍ തുടരുന്നതിനു കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പിണറായിക്ക് നല്‍കിയ വയസ്സിളവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത് ഇതിന്റെ സൂചനയാണ്. 
 
പാര്‍ട്ടി പദവികളില്‍ തുടരുന്നതിനു സിപിഎം നിശ്ചയിച്ച പ്രായപരിധി 75 ആണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പിണറായിയുടെ പ്രായം 80 കഴിയും. എങ്കിലും രണ്ട് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പിണറായിക്ക് ഒരു ടേം കൂടി നല്‍കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. 
 
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മുന്നണിയെ നയിക്കാന്‍ പിണറായി അല്ലാതെ മറ്റാരുമില്ലെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ അടക്കം അഭിപ്രായം. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വീണ്ടും മുഖ്യമന്ത്രിയാകാനും പിണറായിക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പിണറായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. അങ്ങനെ വന്നാല്‍ മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്, കെ.കെ.ശൈലജ, പി.രാജീവ് എന്നിവരില്‍ ഒരാളായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക. എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍