ഈജിപ്തില്‍ കലാപം കത്തിപ്പടരുന്നു, മരണം 74 ആയി

Webdunia
ഞായര്‍, 30 ജനുവരി 2011 (10:44 IST)
PRO
ഈജിപ്തിലെ സര്‍ക്കാര്‍വിരുദ്ധ കലാപം രൂക്ഷമായി. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കയ്‌റോയിലെ ആഭ്യന്തര മന്ത്രാലയ ഓഫീസിലേക്കു കലാപകാരികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കലാപത്തില്‍ ആയിരത്തിലേറെപ്പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്‌.

വടക്കന്‍ ഈ‍ജിപ്‌തിലെ അലക്സാണ്ട്രിയയില്‍ പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ദിവസവും പൊലീസുമായി ഏറ്റുമുട്ടി. ജനരോഷം തുടരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്‌ മന്ത്രിസഭ പിരിച്ചുവിട്ടു. രഹസ്യാന്വേഷണ വിഭാഗം മേധാവിയും വിശ്വസ്‌തനുമായ ഒമര്‍ സുലൈമാനെ വൈസ്‌ പ്രസിഡന്റായും മുന്‍വ്യോമസേനാ മേധാവിയും വ്യോമയാന മന്ത്രിയുമായ അഹമ്മദ്‌ ഷഫീഖിനെ പ്രധാനമന്ത്രിയായും നിയോഗിച്ചു.

സൈന്യത്തില്‍ പിടിമുറുക്കുന്നത് മുന്നില്‍ കണ്ടാണ് ഇരുവരെയും സുപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്‌. അതേസമയം, മന്ത്രിസഭ പിരിച്ചുവിട്ട മുബാറക്കിന്റെ നടപടി തട്ടിപ്പാണെന്നു പ്രക്ഷോഭകാരികള്‍ ആരോപിച്ചു. തൊഴില്‍രഹിതരും പട്ടിണിപ്പാവങ്ങളുമായ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണു മന്ത്രിസഭ പിരിച്ചുവിട്ടു മുബാറക്‌ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതെന്നാണു സമരക്കാരുടെ വാദം. മുപ്പതു വര്‍ഷമായി തുടരുന്ന മുബാറക്കിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്നാണു സമരക്കാരുടെ ആവശ്യം.

അതേസമയം, പ്രക്ഷോഭകാരികളോടുള്ള കടുത്ത സമീപനം ഒഴിവാക്കാന്‍ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ മുബാറക്കിനോടു ഫോണില്‍ അഭ്യര്‍ഥിച്ചു. ഇതിനിടെ, വെള്ളിയാഴ്ച രാത്രി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മുബാറക്‌ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാമെന്ന്‌ ഉറപ്പുനല്‍കി. ബദല്‍ സര്‍ക്കാരിനെ നയിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞ് ഈജിപ്‌തിലെത്തിയ നൊബേല്‍ ജേതാവ്‌ മുഹമ്മദ്‌ എല്‍ ബറാദി വീട്ടുതടങ്കലിലാണ്‌.