ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ആക്രമണം ഈജിപ്ത് ശക്തമാക്കി. ലിബിയയില്‍ ഈജിപ്ത് പൗരന്മാരായ 21 ക്രിസ്തുമത വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരര്‍ കഴുത്തറുത്തു കൊന്നതിനെ തുടര്‍ന്നാണ് ഈജിപ്ത് ഐ എസ് ആക്രമണം ശക്തമാക്കിയത്. ഐ എസിനെതിരെ ഈജിപ്ത് നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികളടക്കം ഏഴുപേര്‍ മരിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബറിലും ഈവര്‍ഷം ജനവരിയിലും തട്ടിക്കൊണ്ടു പോയവരെ ആയിരുന്നു ഇസ്ലാമിക് ഭീകരര്‍ വധിച്ചത്. 21 പേരെയും വരിവരിയായി നിര്‍ത്തി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഐ എസ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടിരുന്നു. അതേസമയം, സംഭവം എന്നാണ് നടന്നതെന്ന് വീഡിയോയിലും വ്യക്തമാക്കുന്നില്ല.
ഇതിനുപിന്നാലെ, ഐ എസിന്റെ ശക്തികേന്ദ്രങ്ങളില്‍ ലിബിയ സര്‍ക്കാരിന്റെ പിന്തുണയോടെ ഈജിപ്ത് ശക്തമായ വ്യോമാക്രമണം തുടങ്ങി. ദേര്‍ന നഗരത്തിലും പരിസരപ്രദേശങ്ങിലുമായി എട്ട് വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഐ എസിന്റെ പരിശീലനകേന്ദ്രങ്ങളും ആയുധശാലകളും തകര്‍ത്തതായി ഈജിപ്ത് സൈന്യം അവകാശപ്പെട്ടു.