ഇറാഖില്‍ ബോംബാക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടു

വ്യാഴം, 16 ജനുവരി 2014 (11:50 IST)
PRO
ഇറാഖില്‍ രണ്ടിടത്തുണ്ടായ ഭീകരരുടെ ബോംബാക്രമണങ്ങളില്‍ 52 പേര്‍ മരിച്ചു. ബാഗ്ദാദിലും ബാക്യുബ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലുമാണ് സ്‌ഫോടനം നടന്നത്.

സര്‍ക്കാര്‍ അനുകൂല സുന്നിസേനംഗത്തിന്റെ ശവസംസ്‌കാരച്ചടങ്ങിനിടെയാണ് ഷാത്തുബ് ഗ്രാമത്തില്‍ ബോംബാക്രമണം നടന്നത്. സംഭവത്തില്‍ 18 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ ഷിയാകേന്ദ്രങ്ങളായ ആറിടത്തെങ്കിലും ബുധനാഴ്ച ബോംബ്‌സ്‌ഫോടനം നടന്നു. 34 പേര്‍ മരിച്ചതായാണ് പൊലീസ് കണക്ക്. 71 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അല്‍ ഖ്വെയ്ദ ബന്ധമുള്ള ഭീകരര്‍ അടുത്തിടെയായി രാജ്യമെമ്പാടും ആക്രമം അഴിച്ചുവിട്ടിരിക്കയാണ്. ഷിയാ കേന്ദ്രങ്ങളും ഷിയാ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗങ്ങളെയുമാണ് ഭീകരര്‍ ലക്ഷ്യം വെക്കുന്നത്.

അമേരിക്കന്‍ സൈന്യം പിന്‍മാറി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ 2007-ന് ശേഷം ഏറ്റവും വലിയ അക്രമസംഭവങ്ങളാണ് ഇറാഖില്‍ അരങ്ങേറുന്നത്.

വെബ്ദുനിയ വായിക്കുക