ഇന്ത്യന്‍ വംശജനായ ഒരു സ്വാമിക്കെതിരെ നേപ്പാളില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. ആറു വയസുള്ള ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തിനടുത്ത് ആശ്രമം നടത്തുന്ന സ്വാമി ആത്മസുധാനന്ദയ്ക്കെതിരെയാണ് കേസ്.
ആറു വയസുകാരനായ രൂപേഷ് ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മസുധാനന്ദ, ഗിരിയുടെ ഒപ്പം താമസിച്ചിരുന്ന കേശവ് ബിക, സുധാനന്ദയുടെ ശിഷ്യന്‍ ശരണ്‍ കൊയ്‌രാള എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഈ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. കുട്ടിയെ താന്‍ കൊലപ്പെടുത്തിയെന്ന് കേശവ് ബിക സമ്മതിച്ചതായി നേപ്പാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. രൂപേഷ് ഗിരി അടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആശ്രമത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം സ്വാമി ആത്മസുധാനന്ദ നടത്തുന്നുണ്ട്. സൌജന്യ വിദ്യാഭ്യാസവും ഭക്ഷണവും ഇവിടെ നല്‍കുന്നു. അറുപതോളം കുട്ടികള്‍ ഇവിടെയുണ്ട്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു മരിച്ച രൂപേഷ് ഗിരി.