ഇനി വയ്യ, മടുത്തു: ആമകള്‍ക്ക് വിവാഹമോചനം!

Webdunia
തിങ്കള്‍, 11 ജൂണ്‍ 2012 (11:26 IST)
PRO
PRO
ഒന്നും രണ്ടുമല്ല, 115 വര്‍ഷക്കാലം അവര്‍ ഒരുമിച്ചു ജീവിച്ചു. സന്തോഷവും കണ്ണീരും വേനലും വസന്തവും പങ്കിട്ട് ഒരു കൂട്ടില്‍ മാതൃകാ ദമ്പതികളായി കഴിഞ്ഞു. പക്ഷേ, നൂറ്റാണ്ടു പിന്നിട്ട ആ ദാമ്പത്യജീവിതം അവസാനിക്കുകയാണ്. വിവാഹമോചനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത് ഭാര്യയാണ്- പറഞ്ഞുവരുന്നത് മനുഷ്യരെക്കുറിച്ചല്ല, ഓസ്‌ട്രേലിയയിലെ ഒരു മൃഗശാലയിലെ ആമ ദമ്പതികളുടെ കാര്യമാണ്.

ഭര്‍ത്താവായ പോല്‍ഡിയെ വേണ്ടെന്ന് ഭാര്യ ബിബി പ്രഖ്യാപിച്ചു കഴിഞ്ഞു. പോള്‍ഡിയുടെ പുറന്തോട് കടിച്ചുപൊട്ടിച്ചാണ് ബിബി തന്റെ ഇഷ്ടക്കേട് പുറത്തറിയിച്ചത്. ബിബി ആക്രമണം തുടര്‍ന്നതോടെ രണ്ട് ആമകളേയും വെവ്വേറെ കൂടുകളിലേക്ക് മാറ്റേണ്ടിവന്നു.

ഇരുവര്‍ക്കും 115 വയസ് പ്രായമുണ്ട്. 36 വര്‍ഷമായി ഓസ്‌ട്രേലിയയിലെ ക്ലാംഗന്‍ഫുര്‍ട്ട്‌ മൃഗശാലയിലാണ് ഇവര്‍ കഴിയുന്നത്. സ്വിറ്റ്‌സര്‍ലാന്റിലെ ബേസല്‍ മൃഗശാലയില്‍ നിന്നാണ് ഇവരെ ഇവിടേക്ക് കൊണ്ടുവന്നത്.

ബിബിയെ പോല്‍ഡിയിലേക്ക് അടുപ്പിക്കാന്‍ മൃഗശാല അധികൃതര്‍ അടവുകള്‍ പലതും പരീക്ഷിച്ചു. കൌണ്‍സിലിംഗും നടത്തി. പക്ഷേ ഒന്നും ഫലം കണ്ടില്ല. ബിബി സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ 115 നീണ്ട ദാമ്പത്യം അവസാനിക്കുകയാണ്.