താലിബാന്‍ കൂട്ടക്കൊല നടത്തിയ പെഷവാറിലെ ആര്‍മി സ്കൂള്‍ വീണ്ടും വിജ്ഞാനത്തിന്റെ ലോകത്തേക്ക്. തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറന്നു. ചോര വീണ ക്ലാസ്മുറികളില്‍ വിതുമ്പുന്ന ഓര്‍മ്മകളുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും എത്തി.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16ന് ആയിരുന്നു ലോകത്തെ നടുക്കിയ കൂട്ടക്കൊല പാകിസ്ഥാനിലെ പെഷവാറില്‍ അരങ്ങേറിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 145ഓളം പേര്‍ അന്ന് താലിബാന്‍ ഭീകരരുടെ തോക്കിന് ഇരയായി.
തഹ്‌രീക താലിബാന്റെ വെടിയൊച്ചകള്‍ കൊണ്ട് ആര്‍മി സ്‌കൂള്‍ നിറഞ്ഞപ്പോള്‍ 132 കുരുന്നുകള്‍ ആണ് പുസ്തകങ്ങളുടെ ലോകത്തോട് വിടപറഞ്ഞത്‍. അധ്യപകര്‍ അടക്കം 145 പേര്‍ കൊല്ലപ്പെട്ടു. പ്രിന്‍സിപ്പല്‍ താഹിറ ഖാസിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പാകിസ്താനിലെ ഏറ്റവും വലിയ മനുഷ്യ സേവകരായ റസ്‌ക്യൂ 1112 എന്ന സംഘടനയുടെ 12 ജോലിക്കാരാണ് സ്‌കൂള്‍ വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നാല്‍ ഇടനാഴികകളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ പാടുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
ആര്‍മി പബ്ലിക് സ്കൂളിലെ അധ്യാപികയായ അന്ദ്‌ലീബ് അഫ്‌തബിന് പത്താം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെ കൂട്ടക്കുരുതിയില്‍ നഷ്‌ടമായിരുന്നു. കറുത്ത സാരിയും കറുത്ത സ്കാര്‍ഫും അണിഞ്ഞായിരുന്നു അവര്‍ തിങ്കളാഴ്ച സ്കൂളില്‍ എത്തിയത്. മറ്റു കുട്ടികളും തനിക്ക് സ്വന്തം മക്കളെപ്പോലെയാണ്, അതുകൊണ്ടാണ് താന്‍ വീണ്ടും സ്കൂളില്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു.
മകന്റെ സ്വപ്നങ്ങള്‍ താന്‍ സഫലമാക്കും. മകനെക്കുറിച്ച് തനിക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. മറ്റു കുട്ടികളെ പഠിപ്പിച്ച് തന്റെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നും അവര്‍ പറഞ്ഞു. വീട്ടിലിരിക്കുമ്പോള്‍ താന്‍ അതീവ ദു:ഖിതയായിരുന്നു. അതില്‍ നിന്ന് ഒരു മാറ്റം വേണമെന്നതിനാല്‍ ആണ് സ്കൂളിലേക്ക് വരാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.