ആണവ വിഷയത്തില്‍ നിര്‍ണായക ചര്‍ച്ച: ഇറാനെതിരെ പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്ന് ഒബാമ
വ്യാഴം, 21 നവംബര്‍ 2013 (09:31 IST)
PTI
PTI
ആണവ വിഷയത്തില്‍ ഇറാനും ലോക രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ജനീവയില്‍ തുടരുന്നു. ഇറാനെതിരെ പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ. കടുത്ത വെല്ലുവിളികള്‍ക്കിടെയാണ് ആണവ വിഷയത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ രണ്ടാം ഘട്ട ചര്‍ച്ച നടക്കുന്നത്. ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി തെഹ്‌റാന്‍ പദ്ധതിയില്‍ ഇത്തവണ ധാരണയുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇറാനും ലോക രാഷ്ട്രങ്ങളും ചര്‍ച്ച തുടരുന്നത്.
അതേ സമയം തെഹ്‌റാന്‍ ഉള്‍പ്പെടെയുളള ആണവ വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍ മുന്‍ പ്രസിഡന്റും പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖൊമേനി രംഗത്തെത്തി. തെഹ്‌റാന്‍ പദ്ധതിയില്‍ നിന്നും അണുവിട പിന്നോട്ടില്ലെന്നും, ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഖൊമേനി പറഞ്ഞു.
എന്നാല്‍ ജനീവയില്‍ ചര്‍ച്ച പുരോഗമിക്കുന്ന പശ്ചാതലത്തില്‍ ഇറാനുമേല്‍ കൂടുതല്‍ ഉപരോധം തീര്‍ക്കരുതെന്ന് ലോക രാഷ്ട്രങ്ങളോട് ഒബാമ ആവശ്യപ്പെട്ടു. ഈ അഴ്ചക്കകമോ അടുത്ത ആറു മാസത്തിനുള്ളിലോ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും ഒബാമ പ്രത്യാശ രേഖപ്പെടുത്തി. അമേരിക്ക, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍, ചൈന എന്നീ രാജ്യങ്ങളാണ് കൂടായലോചനയില്‍ പങ്കെടുക്കുന്നത്.
ആദ്യഘട്ട കൂടിയാലോചനക്ക് ശേഷം ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിനും വികസിപ്പിക്കുന്നതിനും എതിരായ കരാറില്‍ ഇറാന്‍ ഒപ്പുവച്ചിരുന്നു. ഒപ്പം ഇറാനിലെ ആണവ പദ്ധതിയിടങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് അനുമതിയും നല്‍കിയിരുന്നു. അതേസമയം പുതിയ ചര്‍ച്ചകള്‍ ഇറാന് അനുകൂലമാകുമെന്ന സൂചന ലഭിച്ചതോടെ പുതിയ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി ഇസ്രായേല്‍ പ്രധാനമന്ത്രി റഷ്യയിലെത്തി.