ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ല: സര്‍ക്കോസി

ചൊവ്വ, 13 ഏപ്രില്‍ 2010 (09:23 IST)
ഫ്രാന്‍സിന് ആണവായുധങ്ങള്‍ ഉപേക്ഷിക്കാ‍നാവില്ല എന്ന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. വാഷിംഗ്ടണില്‍ ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കോസി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ തകിടം‌മറിക്കും. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍ക്കോസി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ 47 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് തുടക്കം കുറിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കോസിയുടെ അഭിപ്രായ പ്രകടനം വന്നത്.

ഇപ്പോള്‍ നാം ജീവിക്കുന്ന അപകടകരമായ ലോകത്തില്‍ ഏകപക്ഷീയമായി ആണവായുധ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല എന്നും സര്‍ക്കോസി പറഞ്ഞു.

യുഎസിനെപ്പോലെയും റഷ്യയെപ്പോലെയും ഉള്ള രാജ്യങ്ങളാണ് ആണവ ശേഖരം കുറയ്ക്കാന്‍ മുന്‍‌കൈ എടുക്കേണ്ടത്. ഫ്രാന്‍സ് 65 ദശലക്ഷം ആളുകള്‍ മാത്രമുള്ള ചെറിയ രാജ്യമാണെന്നും കുറഞ്ഞ തോതിലുള്ള ആണവായുധ ശേഖരങ്ങള്‍ മാത്രമേ ഉള്ളൂ എന്നും സര്‍ക്കോസി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക