അവകാശപോരാട്ടങ്ങളുടെ ഓര്‍മ്മയില്‍ തൊഴിലാളി ദിനം

വ്യാഴം, 1 മെയ് 2014 (09:47 IST)
എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ കുടുംബം, വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം (ഉറക്കം) എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികള്‍ ചെയ്ത സമര പുളകങ്ങളുടെ സിന്ദൂരമാല ചാര്‍ത്തിയ ദിനമാണ് മെയ് 1 എന്ന മെയ് ദിനം.

അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886 ല്‍ നടന്ന ഹേ മാര്‍ക്കറ്റ് കലാപത്തിന്‍റെ സ്മരണ പുതുക്കലാണ് മെയ് ദിനാചരണം. അന്തര്‍ദ്ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളെ ഓര്‍ത്തുള്ള ആഘോഷവുമാണിത്.

എന്തുകൊണ്ട് മെയ് 1?. 1886 മെയ് ഒന്നിന് പ്രാബല്യത്തില്‍ വരത്തക്കവിധം 8 മണിക്കൂര്‍ ജോലി നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് 1884ല്‍ ചിക്കാഗോയിലെ സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ കമ്പനികളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നത്. 1872ല്‍ കാനഡയില്‍ തൊഴിലാളികള്‍ നേടിയ വിജയമാണ് അവരെ അതിന് പ്രേരിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് 1886ല്‍ ചിക്കാഗോയില്‍ സമരം നടന്നു. തുടര്‍ന്ന് കലാപവും. അതിന് ശേഷം 8 മണിക്കൂര്‍ ജോലി നിയമമാക്കിയ ഉത്തരവും ഇറക്കി. 1894ലും 1919ലും മെയ് ദിന കലാപങ്ങള്‍ ഉണ്ടായിരുന്നു.

മെയ് ദിനം അമേരിക്കയും ബ്രിട്ടനും ഒഴികെ മിക്ക രാജ്യങ്ങളിലും തൊഴിലാളി ദിനമായാണ് ആചരിക്കുന്നത്.

വെബ്ദുനിയ വായിക്കുക