അമ്മ 4 മക്കളെ കൊന്ന് സ്യൂട്ട്‌കേസിലാക്കി!

തിങ്കള്‍, 9 ഓഗസ്റ്റ് 2010 (13:21 IST)
PRO
നാല് മക്കളെ കൊന്ന് സ്യൂ‍ട്ട്‌കേസിലാക്കി ഒളിപ്പിച്ച സ്ത്രീ നെതര്‍ലന്‍ഡില്‍ അറസ്റ്റിലായി. ഇവര്‍ മക്കളെ കൊന്ന ശേഷം സ്യൂട്ട്‌കേസുകളിലാക്കി വീടിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

നെതര്‍ലന്‍ഡിലെ വടക്കന്‍ ഫ്രീസ്‌ലാന്‍ഡ് പട്ടണത്തില്‍ നിന്നാണ് 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2002 മുതല്‍ തനിക്ക് പിറന്ന കുഞ്ഞുങ്ങളെയെല്ലാം ദത്തു നല്‍കിയതായാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നാല് സ്യൂട്ട്‌കേസുകളില്‍ നിന്ന് കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മകള്‍ ഗര്‍ഭിണിയായ വിവരം അറിയില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ യുവതിയെ 14 ദിവസം കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദ്ദേശിച്ചു.

അടുത്തിടെ ഫ്രാന്‍സിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. വില്ലേഴ്സ്-ഔ-ടെര്‍ട്ടെ എന്ന ടൌണിലാണ് പൈശാചികമെന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു പരമ്പര ശിശുഹത്യയ്ക്ക് വേദിയൊരുങ്ങിയത്. ഇവിടെ പൊലീസ് പിടിയിലായ ഡൊമിനിക്ക് കോട്രെസ് എന്ന 45 കാരി നഴ്സിംഗ് സഹായി തന്റെ എട്ട് കുഞ്ഞുങ്ങളെയാണ് പ്രസവിച്ച ഉടന്‍ കൊല ചെയ്തത്.

വെബ്ദുനിയ വായിക്കുക