അമേരിക്ക ചെലവ് ചുരുക്കുന്നു!

ശനി, 2 മാര്‍ച്ച് 2013 (14:26 IST)
PRO
PRO
ആഗോള ഭീമന്‍ അമേരിക്ക ചെലവ് ചുരുക്കുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍നിന്ന് 8500 കോടി ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതിക്കാണ് ലക്‍ഷ്യമിടുന്നത്. അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസം, പ്രതിരോധം, വികസന പദ്ധതികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയുമെല്ലാം ചെലവ് ചുരുക്കല്‍ ബാധിക്കും.

അവസാന നിമിഷം വൈറ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍, മറ്റൊരു ഒത്തു തീര്‍പ്പില്‍ എത്താത്തതിനെ തുടര്‍ന്ന് ബരാക്ക് ഒബാമയും റിപ്പബ്ലിക്കന്‍ നേതാക്കളും സംയുക്തമായാണ് തീരുമാനമെടുത്തത്. അവസാന നിമിഷം വരെ ചെലവ് ചുരുക്കലിനു പകരം നികുതി വര്‍ദ്ധനവിനായിരുന്നു ഒബാമക്ക് താല്‍പര്യം.

ചെലവു ചുരുക്കിയാല്‍ അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെലവ് ചുരുക്കാനുള്ള ഉത്തരവില്‍ ഒപ്പിട്ട ഒബാമ അതിനു കടുംപിടുത്തം പിടിച്ച റിപ്പബ്ലിക്കന്‍സിനെ കുറ്റപ്പെടുത്തി. അവസാന നിമിഷം വരെ ചെലവു ചുരുക്കല്‍ ഒഴിവാക്കാന്‍ ശ്രമിച്ചതായി ഒബാമ അറിയിച്ചു. ചെലവു ചുരുക്കലിന് റിപ്പബ്ലിക്കന്‍സ് പ്രാധാന്യം നല്‍കിയപ്പോള്‍ നികുതി വര്‍ദ്ധനയ്ക്കാണ് ഡെമോക്രാറ്റുകള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ചെലവു ചുരുക്കുന്നതോടെ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും.

വെബ്ദുനിയ വായിക്കുക