അഫ്ഗാന്‍: രാജ്യാന്തര സഹായം വേണം

ശനി, 28 മാര്‍ച്ച് 2009 (14:08 IST)
രാജ്യാന്തര സമൂഹത്തിന്‍റെ സഹായത്തോടെ മാത്രമേ അഫ്ഗാനിസ്ഥാനില്‍ വികസനം സാധ്യമാകുകയുള്ളൂ എന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. തീവ്രവാദവും മയക്കുമരുന്ന് കടത്തുമാണ് പ്രധാനമായും അഫ്ഗാന്‍റെ വികസനത്തിന് വിഘാതമാകുന്നതെന്നും മൂണ്‍ അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ് ഇത് അവസാനിപ്പിക്കുന്നതിന് രാജ്യാന്തര സമൂഹത്തിന്‍റെ സഹായം വേണം - മൂണ്‍ പറഞ്ഞു. മോസ്കോയില്‍ അഫ്ഗാന്‍ വിഷയം സംബന്ധിച്ച ഷാങ്ഹായ്‌ കോ - ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനിസ്ഥാനുമായി പുതുക്കിയ നയം ഇന്നലെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഒബാമ പ്രഖ്യാപിച്ച നയം അംഗീകരിക്കുന്നു എന്ന് അഫ്ഗാനും പാകിസ്ഥാനും അറിയിച്ചിട്ടുണ്ട്. താലിബാന്‍-അല്‍-ക്വൊയ്ദ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ നയം പര്യാപ്തമാകുമെന്ന് ഇരു രാജ്യങ്ങളും പറഞ്ഞു.

വെബ്ദുനിയ വായിക്കുക