ബ്രിട്ടനിലേക്ക് കുറ്റിയേറുന്നതിന് ധാരാളം നൂലാമാലകളുണ്ട്. ഇതിനൊന്നും നിന്ന് കൊടുക്കാതെ ചുളുവില്‍ അങ്ങ് കുടിയേറുന്നവരും നിരവധിയുണ്ട്. ഇങ്ങനെ അനധികൃത കുടിയേറ്റം കൊണ്ട് പൊറുതി മുട്ടിയ അധികൃതര്‍ ഇത്തരക്കാരെ പിടികുടാനായി പുതിയ തന്ത്രം പയറ്റിയിരിക്കുകയാണ്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ യന്ത്രമനുഷ്യരെ നിയോഗിച്ചിരിക്കുകയാണ് അധികൃതര്‍. ‘ഹീറോ’ എന്ന് വിളിക്കുന്ന ഈ യന്ത്രമനുഷ്യന് ഒരു ബ്രീഫ് കേസിന്‍റെ വലിപ്പം മാത്രമേ വരൂ. അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങളില്‍ ‘ഹീറോ’ പരിശോധന നടത്തും.
ഈ യന്ത്രമനുഷ്യരില്‍ വളരെ ശക്തമായ സെര്‍ച്ച് ലൈറ്റുകളും ഉയര്‍ന്ന നിലവാരമുള്ള വീഡിയോ ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ലോറികളുടെയും മറ്റ് വാഹനങ്ങളുടെയും കീഴ് ഭാഗത്തും ഈ യന്ത്രമനുഷ്യര്‍ തെരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹീറോയ്ക്ക് 6000 പൌണ്‍ട് വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയമിടിപ്പ് അളക്കുന്ന ഡിറ്റക്ടറുകള്‍, രാസ, ജൈവ, റേഡിയോ ആക്ടീവ്, ആണവ വസ്തുക്കള്‍ എന്നിവ കണ്ടുപിടിക്കുന്ന സെന്‍സറുകളിലും ഈ യന്ത്രമനുഷ്യനെ ഘടിപ്പിക്കാന്‍ കഴിയും.