ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി; 100 കോടി ഡോളറിന്റെ കരാർ അവസാനിപ്പിക്കാനൊരുങ്ങി നൈക്ക്

വെള്ളി, 5 ഒക്‌ടോബര്‍ 2018 (09:57 IST)
ഫുട്‌ബോള്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി. ബലാത്സംഗ ആരോപണം നേരിടുന്ന താരത്തെ ദേശീയ ടീമിന്റെ അടുത്ത രണ്ടുമത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്പോര്‍ട്സ് ഉത്പന്നരംഗത്തെ വമ്പന്മാരായ നൈക്ക് റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും സൂചനകൾ വന്നിരിക്കുന്നത്. 
 
15 വര്‍ഷമായി റൊണാള്‍ഡോയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള കമ്പനിയാണ് നൈക്ക്. കമ്പനി ഇപ്പോൾ അവസാനിപ്പിക്കാനൊരുങ്ങുന്നത് 100 കോടി ഡോളറിനുമേല്‍ വിലയുള്ള കരാറാണ്. റോണോയുമൊത്തുള്ള കരാറിൽ 15 വർഷത്തിനിടെ എഴുപതിലേറെ സ്‌റ്റൈലിലുള്ള ബൂട്ടുകളാണ് നൈക്ക് വിപണിയിൽ ഇറക്കിയിട്ടുള്ളത്.
 
തങ്ങളുടെ അംബാസഡര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അത്തരമൊരു ആരോപണം നിലനില്‍ക്കെ, കരാറുമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കുന്നു. 2009ല്‍ അമേരിക്കയിലെ നെവാദയിലെ ഒരു റിസോര്‍ട്ടില്‍വെച്ച്‌ തന്നെ റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി കാതറിന്‍ മയോര്‍ഗയെന്ന യുവതിയാണ് രംഗത്തുവന്നിട്ടുള്ളത്. പരാതി റോണോ എതിർത്തിങ്കിലും ശേഷം ഇരുവരും റിസോര്‍ട്ടില്‍വെച്ച്‌ വളരെ അടുത്തിടപഴകി നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതേസമയം, കാതറിന്റെ പരാതിയിന്മേല്‍ അന്വേഷണം നടത്തുമെന്ന് ലാസ് വേഗസ്സ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍