നഗ്നനായി ഓടിയിട്ടും ഫലമില്ലാതെ റൊമെയ്ന്‍

ചൊവ്വ, 31 മാര്‍ച്ച് 2009 (18:13 IST)
ആഗോളകമ്പനികളുടെ വയറ്റത്തടിച്ച സാമ്പത്തിക പ്രതിസന്ധി ഒരു കായിക താരത്തെ എത്രത്തോളം ‘സാഹസികനാ’ക്കുമെന്ന് കഴിഞ്ഞ ദിവസം പാരിസിലെ തെരുവുകള്‍ സാക്‍ഷ്യംവഹിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ സ്പോണ്‍സറെ നഷ്ടപ്പെട്ട ഫ്രാന്‍സിന്‍റെ പോള്‍വോള്‍ട്ട് താ‍രം റൊമെയ്ന്‍ മെസ്നിലിന്‍റെ നഗ്ന ഓട്ടത്തിനാണ് ഫ്രാന്‍സുകാര്‍ക്ക് സാക്ഷിയാകേണ്ടിവന്നത്. “കൈമുതലായിരുന്ന മാനവും പോയി ഉത്തരത്തിലിരിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് കിട്ടിയുമില്ല“ എന്ന അവസ്ഥയിലാണിപ്പോള്‍ റൊമെയ്ന്‍.

2007ല്‍ ഒസാക്കയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവാണ് റൊമെയ്ന്‍. അമേരിക്കന്‍ സ്പോര്‍ട്സ് ബ്രാന്‍ഡായ നൈക്കിയായിരുന്നു റൊമെയ്ന്‍റെ സ്പോണ്‍സര്‍മാര്‍. എന്നാല്‍ പ്രതിസന്ധി കനത്തതോടെ നൈക്കി റൊമെയ്നെ കൈവിട്ടു. കഴിഞ്ഞ കൊല്ലം തീര്‍ന്ന സ്പോണ്‍സര്‍ഷിപ്പ് കരാര്‍ അവര്‍ പുതുക്കിയില്ല. കഴിഞ്ഞ രണ്ട് മാസവും റൊമെയ്ന്‍ പുതിയ സ്പോണ്‍സറെ തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. പണമില്ലെന്നായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ച മറുപടി.

തുടര്‍ന്നാണ് റൊമെയ്ന്‍ ‘അറ്റകൈപ്രയോഗ‘ത്തിന് മുതിര്‍ന്നത്. തുണിയുരിഞ്ഞ് ഓടുക. ആദ്യം അല്‍‌പം നാണം തോന്നിയെങ്കിലും ഐഡിയ കൊള്ളാമെന്ന് റൊമെയ്നും തോന്നി. കാരണം ഈ പരിപാടി അധികം നടന്നിട്ടില്ല. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രം പ്രയോഗിക്കുന്ന പത്തൊമ്പതാമത്തെ അടവ്. പിന്നെ താമസമുണ്ടായില്ല.. റൊമെയ്ന്‍ ഇറങ്ങി.

മത്സരങ്ങള്‍ക്ക് കുത്തിച്ചാടാന്‍ ഉപയോഗിക്കുന്ന തന്‍റെ പോളും എടുത്തായിരുന്നു റൊമെയ്ന്‍റെ ഓട്ടം. പാരീസിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മോണ്ട്മാര്‍ട്രെയും കടന്ന് പ്രസിദ്ധമായ സിനെ നദിക്ക് കുറുകെയുള്ള പോണ്ട് ഡെസ് ആര്‍ട്സ് പാലവും കടന്നാണ് റൊമെയ്ന്‍ നിന്നത്.

ഏതായാലും ഫ്രാന്‍സിലെ ടെലിവിഷന്‍ ചാനലുകളും റൊമെയ്നെ സഹായിക്കാനെത്തിയിരുന്നു. ഓട്ടത്തിന്‍റെ ദൃശ്യങ്ങള്‍ അവര്‍ പ്രധാന വാര്‍ത്തകള്‍ക്കൊപ്പം തന്നെ സം‌പ്രേഷണം ചെയ്തു.

പക്ഷേ കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും റൊമെയ്നെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് സഹായിക്കാന്‍ ആരും ഇതുവരെ എത്തിയിട്ടില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സ്മൃതികള്‍ ലണ്ടനിലെ ലേലസ്ഥലത്തുനിന്ന് പണം കൊടുത്ത് വാങ്ങി ഇന്ത്യയ്ക്ക് സമര്‍പ്പിച്ച വിജയ് മല്യയെപ്പോലെയുള്ള ഉദാരമനസ്കര്‍ അവിടെയില്ലെന്ന് സാരം.

തന്‍റെ പ്രയത്നത്തിന് ഫലമുണ്ടായില്ലെന്ന നിരാശയൊന്നും റൊമെയ്നില്ല‍. കാരണം സാമ്പത്തിക പ്രതിസന്ധി തന്‍റെ മാത്രം ശാപമല്ലെന്ന് അദ്ദേഹത്തിനറിയാം. താന്‍ പ്രതിനിധാനം ചെയ്തത് കായികതാരങ്ങളുടെ ഒരു സമൂഹത്തെ തന്നെയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.

ഇന്‍റര്‍നെറ്റില്‍ ഇതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത് ഓട്ടം നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്കും തന്‍റെ പ്രകടനം ആസ്വദിക്കാന്‍ റൊമെയ്ന്‍ സൌകര്യമൊരുക്കി. ഒരു കറുത്ത സ്ക്വയര്‍ ഉപയോഗിച്ച് രഹസ്യഭാഗങ്ങളൊക്കെ മറച്ചാണ് വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നിറയെ പള്ളുപറയുന്ന കുറെ ലേഖനങ്ങളും റൊമെയ്ന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക