സ്വാതന്ത്ര്യത്തിനു ചെറിയ പ്രക്ഷോഭങ്ങള്‍

Webdunia
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിദ്യാഭ്യാസമുള്ള നേതാക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വൈദേശിക ഭരണത്തിനെതിരെയുള്ള നൈസര്‍ഗ്ഗികമായ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിരുന്നെന്നു കാണാം.

ഇക്കൂട്ടത്തില്‍ കര്‍ഷകരും സ്ത്രീകളൂം സാധാരണക്കാരും ആദിവാസികളും ഒക്കെ അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ 1857 ലെ സിപായി ലഹളയാണ് ആസൂത്രിതമായ സ്വാതന്ത്ര്യസമരമായി വിലയിരുത്താനുള്ളത്. എന്നാല്‍, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറു പോരുകള്‍ അതിനു മുമ്പെയും പിന്നാലെയും നടന്നിട്ടുണ്ട്, ഇങ്ങ് കേരളത്തില്‍ പോലും.

കേരളത്തിലെ കുറിച്യരുടെ കലാപം ഇത്തരം സമരത്തിനുദാഹരണമാണ്. അത് 1812 ലായിരുന്നു. സന്താള്‍ കലാപം, ഇന്‍ഡിഗോ പ്രക്ഷോഭങ്ങള്‍, റാമ്പ കലാപം, കുക കലാപം, മഹാവിപ്ലവം, സന്യാസിമാരുടെ കലാപം, ജമീന്ദര്‍മാരുടെ ലഹള, ഇങ്ങ് കേരളത്തില്‍ വേലുത്തമ്പിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും ചെറുത്തു നില്‍പ്പ്. ഇങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ വീരേതിഹാസ കഥകള്‍ നീണ്ടുപോവുകയാണ്.

കുറിച്യ കലാപം

തോറ്റുപോകും എന്നുറപ്പുണ്ടായിട്ടും ബ്രിട്ടീഷുകാരുടെ വെടിയുണ്ടയ്ക്ക് നേരെ നെഞ്ചുവിരിച്ച് അമ്പും വില്ലുമായി ചെന്നവരാണ് വയനാട്ടിലെ മാനന്തവാടിയിലും പരിസരത്തുമുള്ള കുറിച്യന്മാര്‍. അമിത നികുതി ചുമത്തി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ആയിരുന്നു 1812 ലെ അവരുടെ കലാപം. കുറിച്യരെ, പക്ഷെ, ബ്രിട്ടീഷ് പട്ടാളം തോല്‍പ്പിച്ചു. പിന്നീട് പഴശ്ശിരാജയോടൊപ്പവും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒപ്പം കുറുമ്പരും ഉണ്ടായിരുന്നു.

കുക കലാപം

പഞ്ചാബില്‍ കര്‍ഷകരുടെ നേതൃത്വത്തിലാണ് കുക കലാപം നടന്നത്. 1860 മുതല്‍ 1875 വരെയുള്ള കാലത്ത് പല തവണയായി ഗുരു രാംസിംഗിന്‍റെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു. ക്ഷേത്ര സ്വത്തുക്കള്‍ ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തു എന്നതായിരുന്നു പ്രധാന കാരണം. ഇതൊരു വന്‍ കലാപമായപ്പോള്‍ അത് അടിച്ചമര്‍ത്തുകയും ഗുരു രാം സിംഗിനെ ബര്‍മ്മയിലേക്ക് നാടുകടത്തുകയും ചെയ്തു.


ഇന്‍ഡിഗോ പ്രക്ഷോഭങ്ങള്‍:

തുണിയില്‍ മുക്കുന്ന നീലത്തിന്‍റെ പേരിലായിരുന്നു ഈ സമരം. അതുകൊണ്ടാണ് ഇതിന് ഇന്‍ഡിഗോ പ്രക്ഷോഭം എന്ന പേരുവന്നത്. കൃത്രിമമായ നീലം വന്നതോടെ നീലച്ചായം ഉല്‍പ്പാദിപ്പിക്കുന്ന അമരി കര്‍ഷകര്‍ പ്രതിസന്ധിയിലും കടക്കെണിയിലും ആയതാണ് പ്രക്ഷോഭത്തിനു തുടക്കമിട്ടത്. ബംഗാളിലെയും ബിഹാറിലെയും കര്‍ഷകര്‍ നടത്തിയ ഈ സമരത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ചമ്പാരനില്‍ എത്തിയിരുന്നു. ഇത് മറ്റൊരു തരത്തില്‍ ബ്രിട്ടീഷ് പക്ഷപാതികളായ ജന്മിമാര്‍ക്കെതിരെയുള്ള സമരം കൂടിയായിരുന്നു. ടിറ്റു മിര്‍ ആയിരുന്നു സമരത്തിന്‍റെ പ്രധാന നേതാവ്.

സന്താള്‍ സമരം:

ഒറീസ, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ ആദിവാസികള്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ജന്മിമാര്‍ നടത്തിയ പീഡനങ്ങള്‍ക്കും ചൂഷണത്തിനുമെതിരെയായിരുന്നു സമരം. കനു, സിദ്ധു, തില്‍ക്കാ മാജി എന്നിവരായിരുന്നു നേതാക്കള്‍. 1885 ല്‍ കലാപം തീര്‍ന്നപ്പോള്‍ ഒട്ടേറെ സന്താളരെ ബ്രിട്ടീഷ് പട്ടാളം കുരുതികൊടുത്തു കഴിഞ്ഞിരുന്നു.

ഉല്‍ ഗുലന്‍:

ബിഹാറിലെ മുണ്ട ഗോത്ര വര്‍ഗ്ഗക്കാരുടെ സമരമാണ് ഉല്‍ ഗുലന്‍ എന്ന മഹാവിപ്ലവം. ബിര്‍സ മുണ്ടയായിരുന്നു സമരത്തിന്‍റെ നേതാവ്.

റാമ്പ കലാപം:

ആന്ധ്രയിലെ റാമ്പ ഗിരിവര്‍ഗ്ഗ മേഖലയിലെ ആളുകളുടെ പോരാട്ടമാണ് 1879 ലെ റാമ്പാ കലാപത്തിനു വഴിവച്ചത്. നികുതി വര്‍ദ്ധനയും പീഡനങ്ങളുമായിരുന്നു കലാപത്തിന്‍റെ കാരണം. അല്ലൂരി സീതാരാമ രാജു, അമാല്‍ റെഡ്ഡി എന്നിവരായിരുന്നു നേതാക്കള്‍.


ക്കേരളത്തിലെ ച്ഛെറിയ സമരങ്ങള്‍ ഒറ്റനോട്ടത്തില്‍

1600- കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ പോര്‍ത്തുഗീസുകാര്‍ വധിച്ചു.

1697- ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ ലഹള.

1704-1705- തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കെതിരെ ആക്രമണം.

1721- ആറ്റിങ്ങലിലും അഞ്ചുതെങ്ങിലും ഇംഗ്ളീഷുകാരെ കൈയേറ്റം ചെയ്തു. 29 ഇംഗ്ളീഷുകാര്‍ കൊല്ലപ്പെട്ടു.

1741- കുളച്ചല്‍ യുദ്ധം. ഡച്ചു സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.

1792- ശ്രീരംഗപട്ടണം ഉടന്പടി. മലബാര്‍ ബോംബെ സംസ്ഥാനത്തിന്‍റെ ഭാഗമായി ഈസ്റ്റിന്‍ഡ്യാകന്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍. 1799-ല്‍ മലബാറിനെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. - കൊച്ചിയില്‍ ഈസ്റ്റിന്‍ഡ്യാകന്പനിയുടെ മേല്‍ക്കോയ്മ.

1793-1797- ഇംഗ്ളീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവിന്‍റെ "ആദ്യത്തെ പഴശ്ശി കലാപം.'

1795- ഈസ്റ്റിന്‍ഡ്യാകന്പനിയും തിരുവിതാംകൂറും തമ്മിലുള്ള ഉടന്പടി പ്രകാരം തിരുവിതാംകൂറിന്‍റെ മേല്‍ക്കോയ്മ കന്പനിക്ക്.

1800-1805- " രണ്ടാം പഴശ്ശികലാപം'. 1801-ല്‍ ഇംഗ്ളീഷുകാര്‍ പഴശ്ശിരാജാവിന് മാപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും കീഴടങ്ങിയില്ല. 1805 നവംബര്‍ 30-ാം തീയതി പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.

1803- കൊച്ചിയില്‍ റസിഡണ്ട് മെക്കാളെയ്ക്കെതിരെ നായന്മാരുടെ ലഹള. 300 പേര്‍ മരിച്ചു.

1809- വേലുത്തന്പി ദളവയുടെ കുണ്ടറ വിളംബരം (ജനു.11) ഇംഗ്ളീഷുകാര്‍ക്കെതിരെ അണിനിരക്കാന്‍ വേലുത്തന്പി തിരുവിതാംകൂര്‍ ജനതയോട് ആഹ്വാനം ചെയ്തു. - ഇംഗ്ളീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തന്പി മണ്ണടിക്ഷേത്രത്തില്‍ ആത്മഹത്യചെയ്തു.

1818- വയനാട്ടിലെ ആദിവാസികളായ കുറിച്യരുടെ ലഹള.

1834- കൊച്ചിയില്‍ ദിവാന്‍ എടമന ശങ്കരമേനോന്‍റെ അഴിമതികള്‍ക്കെതിരെ കലാപം. ദിവാന്‍ പിരിച്ചുവിടപ്പെട്ടു.
1836- മലബാറിലെ മാപ്പിളകൃഷിക്കാരുടെ കലാപം. 1851- വരെ 22 ലഹളകള്‍ നടന്നു.

1837- മാറുമറയ്ക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി കന്യാകുമാരി ജില്ലയില്‍ ചാന്നാര്‍ സ്ത്രീകളുടെ കലാപം.