ചേരി നിവാസികളുടെ ജീവിതവുമായി ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’

Webdunia
PRO
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനം പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രമായ ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’, വ്യത്യസ്ത വിഷയം കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. നീല്‍ ബുബോയ് ടാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഫിലിപ്പീന്‍സിലെ ഒരു ചേരിയില്‍ താമസിക്കുന്ന ഒരുപറ്റം ജനങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ്.

ചേരി നിവാസികള്‍ക്കിടയിലെ ഭൌതിക ബന്ധങ്ങളാണ് ഇതിവൃത്തം. സ്നേഹശൂ‍ന്യതയും മരണവും അത് പകരുന്ന വ്യത്യസ്ത പ്രതികരണങ്ങളും ചിത്രത്തെ ശ്രദ്ധേമാക്കുന്നുവെങ്കിലും പലയിടത്തും ഇഴഞ്ഞുനീങ്ങുന്ന അനുഭവമുണ്ടാകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ശവപ്പെട്ടികള്‍ വാടകയ്ക്ക് നല്‍കുന്ന ഗിഡോ എന്നയാളാണ് കേന്ദ്രകഥാപാത്രം. ഗിഡോയുടെ ഭാര്യ ഒരു ബ്യൂട്ടീഷ്യനാണ്. പണം മുഖ്യ ആവശ്യമായ ഒരു ചേരിയിലാണ് ഇരുവരുടെയും താമസം.

മരണത്തെ ഭീതിയോടെ കാണുന്ന ഗിഡോ പക്ഷെ, തന്‍റെ മരണത്തെ കുറിച്ച് ഇടയ്ക്കിടെ കാണുന്ന സ്വപ്നങ്ങളിലൂടെ ചിത്രത്തില്‍ മുഴുനീളം അസ്വസ്ഥനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മുഖ്യധാരാ സമൂഹത്തിന്‍റെ മറുപുറത്തേക്കാണ് ചിത്രം ആസ്വാദകനെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെ പണത്തിന് വേണ്ടി എന്തു കുറ്റകൃത്യവും ചെയ്യുന്ന ഒരു കൂട്ടം ആളുകളാണ് താമസിക്കുന്നത്. സ്നേഹശൂന്യമായ ജീവിതത്തിന്‍റെ നിരര്‍ത്ഥകതയാണ് ആദ്യാവസാനം കാണാനാകുന്നത്.

പൊലീസിനോ അധികാരികള്‍ക്കോ കടന്നു ചെല്ലാനാന്‍ കഴിയാത്ത ചേരി ഒഴിപ്പിക്കാന്‍ അധികാരികള്‍ തീരുമാനിക്കുകയും ഒടുവില്‍ ചേരി നിവാസികളെ പല സ്ഥലങ്ങളിലേക്ക് ഓടിക്കുകയും ചെയ്യുന്നു. ഒഴിപ്പിക്കലിനിടെ ചിലര്‍ കൊല്ലപ്പെടുന്നു. ചിലര്‍ വീണ്ടും ഒന്നു ചേരുന്നു. വേശ്യകളും, മോഷ്ടാക്കളും, മയക്കുമരുന്ന് കള്ളക്കടത്തുകാരും അവരുടെ ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍ തുറന്നുകാട്ടുകയാണ് ഇവിടെ.

തിരിച്ചു പോകാനാവാതെ തെറ്റുകളുടെ ലോകത്ത് തുടരേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ മിതത്വവും കൃത്യതയും പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ചതിയുടെയും വഞ്ചനയുടെയും ഇടയില്‍ പോലും മനസിലാക്കലുകളുടെയും പ്രണയത്തിന്‍റെയും ചില അനുഭവങ്ങളും ചിത്രം നല്‍കുന്നുണ്ട്.