ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ നോവലായ 'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റിയൂഡ് ഓൺലൈൻ സീരിസാവുന്നു. നോവൽ സ്പാനിഷ് ഭാഷയിൽ വെബ് സീരീസായെത്തിക്കാനുളള അവകാശം നേടിയെടുത്തതായി നെറ്റ്ഫ്ലിക്സ് അറിയിച്ചു. സീരീസിന്റെ പ്രൊഡ്യൂസേഴ്സ് ഗാർഷ്യയുടെ മക്കളായ റോഡ്രിഗോ ഗാർഷ്യയും, ഗോൺസാലോ ഗാർഷ്യയുമാണ്. കൊളംബിയയിലായിരിക്കും സീരിസിന്റെ പൂർണ്ണ ചിത്രീകരണം.
മാർക്കേസ് 2014ൽ മരിക്കുന്നതു വരെ ഏകാന്തതയുടെ നൂറു വർഷങ്ങളുടെ ചിത്രീകരണാവകാശം ആർക്കും നൽകിയിരുന്നില്ല. മാജിക്കൽ റിയലിസത്തിലൂടെ ലോകത്തെ മുഴുവൻ കൈയ്യിലെടുത്ത നോവൽ സങ്കൽപ്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറയുടെ കഥയാണ് പറയുന്നത്. നോവൽ 45 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്പാനിഷ് കോളനി വല്‍ക്കരണത്തിനുശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്‌കാരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ വരച്ചു കാട്ടുന്നതാണ് നോവലിന്റെ പ്രധാന പ്രമേയം. നേരത്തെ മാർക്കേസിന്റെ 'കോളറക്കാലത്തെ പ്രണയം' എന്ന നോവലും സിനിമയായിരുന്നു.