"അവന്‍ കടല്‍ കണ്ടു" - ജീവിതത്തിന്‍റെ വിചിത്രവഴികളിലൂടെ '400 ബ്ലോസ്' !

റോസ്‌ബഡ്

വെള്ളി, 13 ഫെബ്രുവരി 2015 (14:57 IST)
ഫ്രഞ്ച് നവതരംഗ കാലത്ത് പുറത്തുവന്ന ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ഫ്രാന്‍സ്വാ റോലണ്ട് ട്രൂഫൊ സംവിധാനം ചെയ്ത 400 ബ്ലോസ്. 1959ല്‍ പുറത്തുവന്ന ചിത്രത്തിന് ലഭിച്ച വാണിജ്യവിജയവും നിരൂപക പ്രശംസയും ഫ്രഞ്ച് നവതരംഗ സിനിമയെ ഒരു മൂവ്മെന്റ് എന്ന രീതിയില്‍ സമാരംഭിക്കാന്‍ സഹായിച്ചു. അതുകൊണ്ട് തന്നെ ചരിത്രപരമായും വളരെ പ്രാധാന്യം കല്പിക്കപ്പെടുന്ന സിനിമയാണ് 400 ബ്ലോസ്.

ചിത്രത്തില്‍, സമൂഹം പ്രശ്നക്കാരനായി മുദ്രകുത്തിയ ആന്റ്വന്‍ ഡ്വനെല്‍ എന്ന കൌമാരക്കാരനായ കുട്ടിയുടെ കഥയാണ് ട്രൂഫോ പറയുന്നത്. സ്കൂളിലും വീട്ടിലും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ആന്റ്വന്‍ വീടുവിട്ടിറങ്ങുകയും ഒരു മോഷ്‌ടാവാകുകയും ചെയ്യുന്നു. പിന്നീട് ഒരു മോഷണത്തിനിടയില്‍ പിടിയിലാകുന്ന ആന്റ്വനെ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുന്നു. ഇവിടെനിന്ന് ആന്റ്വന്‍ ഡ്വനെല്‍ രക്ഷപ്പെടുകയും എപ്പോഴും ആഗ്രഹിച്ചതു പോലെ കടല്‍ കാണുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

സിനിമയില്‍ പ്ലോട്ടിനേക്കാള്‍ ശക്തമായി നില്‍ക്കുന്നത് നായകന്റെ ജീവിതത്തെ വളരെ നൈസര്‍ഗികമായി അവതരിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളുമാണ്. യഥാര്‍ത്ഥ ലൊക്കേഷനുകളും നാച്ചുറല്‍ ലൈറ്റിംഗുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിലെ ഫ്രീസ് സൂം ഇന്‍ ഷോട്ട് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന രംഗമാണ്. ഈ രംഗം നായക കഥാപാത്രത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നമായി പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നു.


ചിത്രത്തിലെ നായകകഥാപാത്രത്തിന്റെ ജീവിതവുമായി അടുത്തുനില്‍ക്കുന്ന ജീവിത സാഹചര്യത്തിലൂടെയാണ് സംവിധായകനും കടന്നുപോയിട്ടുള്ളത്. നായകകഥാപാ‍ത്രത്തെ പോലെ, തന്നെ യനീന്‍ ദി മോണ്‍‌ഫെരാന്ദ് എന്ന സ്ത്രീക്ക്,  വിവാഹിതയാകുന്നതിനു മുമ്പേ ജനിച്ച കുട്ടിയായിരുന്നു ത്രൂഫോ. നായക കഥാപാത്രത്തെപ്പോലെ തന്നെ ജുവനൈല്‍ ഹോമില്‍ കഴിയേണ്ടി വന്നിട്ടുണ്ട് സംവിധായകനും.

1959 മുതല്‍ 1963 വരെ നീണ്ടുനിന്ന ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്നു ട്രൂഫോ. ആന്ദ്രെ ബാസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ, ‘കയ്യര്‍ ദ്യു സിനിമ’ എന്ന മാഗസിനില്‍  സിനിമാനിരൂപകനായിരുന്നു. ഫ്രഞ്ച് മുഖ്യധാര സിനിമകള്‍ക്ക് എതിരെ ട്രൂഫോ നടത്തിയ രൂക്ഷമായ വിമര്‍ശനം, ‘ഫ്രഞ്ച് സിനിമയെ നശിപ്പിക്കാന്‍ വന്നവന്‍'(The Gravedigger of French Cinema)  എന്ന വിളിപ്പേര് അദ്ദേഹത്തിന് നേടിക്കൊടുത്തു. ഇക്കാരണത്താല്‍, 1958ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, അടുത്ത വര്‍ഷം 400 ബ്ലോസിലൂടെ അദ്ദേഹം മികച്ച സംവിധായകനുള്ള കാന്‍ പുരസ്കാരം നേടി. ഓട്ടേഴ്സ് തിയറി (auteurs theory) യുടെ പ്രധാന തിയററ്റീഷന്മാരിലൊരാളാണ് ട്രൂഫൊ.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക