മേളക്കാഴ്ച - ഡാന്‍സിംഗ് അറബ്‌സ്

ഇസ്രയേല്‍ 1990 കളുകടെ തുടക്ക കാലം പാലസ്തീനിയന്‍- ഇസ്രയേലി ബാലനായ എയദ് ജറുസലേമിലെ പേരുകേട്ട ഒരു ജൂത ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കാന്‍ ചേരുന്നു. എന്നാല്‍ ഭാഷ, സംസ്കാരം, സ്വതം എന്നിവ ചേര്‍ന്നുണ്ടാക്കുന്ന കുഴമറിച്ചിലില്‍ അവന്റെ സ്കൂള്‍ ജീവിതമാകെ സംഘര്‍ഷഭരിതമാകുന്നു. ചുറ്റിലും യുദ്ധം ആര്‍ത്തലയ്ക്കുമ്പോള്‍ അവന്‍ അതിജീവനത്തിന്റെ വഴികള്‍ തേടുകയാണ്.
 
ഇതിനിടയില്‍ മസ്കുലാര്‍ ഡിസ്ട്രോഫി രോഗബാധിതനായ യോനാഥന്‍ എന്ന പയ്യനുമായി എയദ് സൌഹൃദത്തിലാകുന്നു. ഒപ്പം നയോമി എന്ന ജൂത പെണ്‍കുട്ടിയുമായി പ്രണയത്തിലും. എല്ലാവര്‍ക്കും തുല്യനാകാന്‍, സംശയനോട്ടങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍, ജോലിചെയ്യാന്‍, പ്രണയിക്കാന്‍ എല്ലാറ്റിനും മുകളില്‍ അവിടുത്തുകാരനാകാന്‍ ചില വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിക്കേണ്ടതുണ്ടെന്ന് എയദ് മനസ്സിലാക്കുന്നു. 
 
ഇസ്രയേലിലെ ജൂതന്മാരും അറബികളും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധത്തെയും കാലികസംഭവങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന ചലനങ്ങളേയും, അതിരുകള്‍ തകര്‍ത്തെറിഞ്ഞ് കുതറിമാറാന്‍ ഒരു യുവാവ് നടത്തുന്ന ശ്രമത്തെയും അനുതാപത്തോടെ ആവിഷ്കരിക്കുകയാണ് ഡാന്‍സിംഗ് അറബ്‌സ്.

സംവിധാനം: ഇരാന്‍ റിക്ലിസ്  
 
തിരക്കഥ: സയിദ് കാഷുവ
 
ഇസ്രയേല്‍ - ഫ്രാന്‍സ് - ജര്‍മ്മനി, ഹീബ്രു/അറബിക്

വെബ്ദുനിയ വായിക്കുക