പമേലയ്‌ക്ക് കല്യാണം തമാശ

Webdunia
PROPRO
കല്യാണം, കുടുംബ ജീവിതം, വിവാഹമോചനം എന്നിവയൊന്നും അത്ര സീരിയസ്സായ കാര്യമായി ഹോളിവുഡ് ഹോട്ട് താരം പമേലാ ആന്‍ഡേഴ്‌സണ്‍ കരുതിയിട്ടില്ല. ഏറ്റവും പുതിയ ഭര്‍ത്താവ് റിക്ക് സലോമോനെയും പമി ഒഴിവാക്കാനുള്ള നീക്കം തുടങ്ങി. രണ്ട് മാസത്തെ ഒന്നിച്ചുള്ള ജീവിതം കൊണ്ട് തന്നെ പമിക്ക് റിക്കിനെ മടുത്തത്രേ.

വിവാഹമോചനത്തിനായി പമേല നിയമ നടപടികള്‍ ഫയല്‍ ചെയ്തതിനു പിന്നാലെ റിക്കും നിയമപരമായി തന്നെ വിവാഹം വേര്‍പെടുത്താനുള്ള കടലാസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. രണ്ടു പേരുടെയും കാരണം ഒന്നാണ്- വഞ്ചിക്കപ്പെട്ടു. മുന്‍ ബേവാച്ച് താരം പമേല കഴിഞ്ഞ മാസമായിരുന്നു നിയമനടപടികള്‍ക്കുള്ള പേപ്പറുകള്‍ നല്‍കിയത്.

വെള്ളിയാഴ്ച സലോമോനും നിയമപരമായ നീക്കത്തിനു തുടക്കമിട്ടു. നീണ്ടകാലം ആള്‍ക്കാരെക്കൊണ്ട് അതുമിതും പറയിച്ചു നടന്നതിനു ശേഷം കഴിഞ്ഞ ഒക്ടോബര്‍ 6 നായിരുന്നു പമി റിക്കിനെ വിവാഹം കഴിച്ചത്. വേര്‍ പിരിഞ്ഞതാകട്ടെ ഡിസംബര്‍ 16 നും. രണ്ട് മാസത്തെ ജീവിതത്തിനിടയില്‍ ഇരുവര്‍ക്കും പരസ്പരമുള്ള താല്പര്യം കുറഞ്ഞു.

പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇത്തവണയും പമേലയുടെ അഭിഭാഷകന്‍ ലാറി ഗിന്‍സ്ബെര്‍ഗാണ്. റിക്കിന്‍റെ അഭിഭാഷകനാരെന്ന് വ്യക്തമായിട്ടില്ല. വിവാഹം കഴിക്കുന്നത് വസ്ത്രം മാറുന്നതു പോലെ കരുതുന്ന ആന്‍ഡേഴ്‌സന്‍റെ നാലാമത്തെ ഭര്‍ത്താവായിരുന്നു റിക്ക് സലോമോണ്‍.

ഇതിനു മുമ്പ് മോട്‌ലി ക്രൂ, ഡ്രമ്മറായ ടോമി ലീ, റോക്ക് താരം കിഡ് റോക്ക് എന്നിവരുമായും ദൈര്‍ഘ്യം കുറഞ്ഞ ദാമ്പത്യത്തില്‍ പമേല ഏര്‍പ്പെട്ടിരുന്നു. നാല് മാ‍സങ്ങള്‍ക്ക് ശേഷം 2006 ലായിരുന്നു റോക്കുമായുള്ള ബന്ധം ആന്‍ഡേഴ്‌സണ്‍ ഉപേക്ഷിച്ചത്. റിക്കും മോശമല്ല. വിവാദ താരം പാരിസ് ഹില്‍ട്ടണുമായി ലൈംഗിക ടേപ്പില്‍ പ്രത്യക്ഷപ്പെട്ടതിലൂടെ പ്രശസ്തനായ റിക്ക് ഒമ്പത് മാസത്തെ ദാമ്പത്യത്തിനായി നടി ഷാനന്‍ ദോഹാര്‍ത്തിയെയും ഭാര്യയാക്കി.