ജെറ്റ്ലി പ്രതിഫലം കൂടിയ താരം

Webdunia
ANIANI
വേഗമാര്‍ന്ന ആക്ഷന്‍ രംഗങ്ങളിലൂടെയാണ് ജെറ്റ് ലീ ലോക പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചത്. കാഴ്ചക്കാരന്‍റെ കണ്ണു തള്ളിക്കുന്ന ആക്ഷന്‍ കാഴ്ച വയ്‌ക്കുന്ന താരം ഇത്തവണ കണ്ണു തള്ളിച്ചത് ചൈനീസ് സിനിമാ വിപണിയെയാണ്.

പ്രതിഫല കാര്യത്തില്‍ ഒരു സാഹസികത പരീക്ഷിച്ച ഈ മുന്‍ ചൈനീസ് കുംഗ്ഫു ചാമ്പ്യന്‍. പുതിയ ചിത്രത്തിനായി വാങ്ങിയത് 100 ദശലക്ഷം യുവാനായിരുന്നു. യുദ്ധ കഥകള്‍ക്ക് ഏറെ കാഴ്ചക്കാരുള്ള ചൈനീസ് ഭാഷയില്‍ ചൈനയിലെ ഇതിഹാസ കഥകളില്‍ ഒന്ന് പ്രതിപാദിക്കുന്ന ചിത്രത്തിനാണ് ആക്ഷന്‍ ഹീറോ ഈ ഉയര്‍ന്ന പ്രതിഫലം വാങ്ങിയത്.

ചിത്രത്തിന്‍റെ ബഡ്ജറ്റ് തന്നെ 300 ദശലക്ഷം യുവാനാണ്. ഇതിന്‍റെ മൂന്നിലൊന്ന് പതിഫലം വാങ്ങിയ 44 കാരനായ ലീ ചൈനീസ് ഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരമായിരിക്കുകയാണ്. പ്രതിഫല കാര്യത്തില്‍ ജെറ്റ് ലി മറികടന്നത് സ്വന്തം റെക്കോഡ് തന്നെയായിരുന്നു. കഴിഞ്ഞ ചിത്രമായ ഹീറോയില്‍ വാങ്ങിയ 70 ദശലക്ഷം യുവാന്‍ തന്നെ റെക്കോഡായിരുന്നു. മമ്മി -3 എന്ന പുതിയ ചിത്രത്തില്‍ ചൈനീസ് ചക്രവര്‍ത്തിയുടെ വേഷമാണ് ജെറ്റിന്.

മൊത്തം മുതല്‍ മുടക്കിന്‍റെ മൂന്നില്‍ ഒരു ഭാഗം താരത്തിനു നല്‍കിയതില്‍ സംവിധായകന്‍ പീറ്റര്‍ ചാനും സന്തോഷം തന്നെ . ആഗോള തലത്തില്‍ വില്‍ക്കപ്പെടുന്ന താരമാണ് ലീ. അതു കൊണ്ട് തന്നെ ലീയെ കൂടാതെ ചിത്രം എടുത്തിരുന്നെങ്കില്‍ ഇത്രയും തുക മുടക്കുമായിരുന്നില്ലെന്നും ചാന്‍ പറയുന്നു. ജെറ്റ് ലീ ഹോളീവുഡിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഹോങ്കോംഗ് സിനിമകളിലൂടെയാണ് പ്രശസ്തനായത്.

1990 കളില്‍ ചൈനീസ് കുംഗ് ഫൂ ചിത്രങ്ങളിലൂടെ ഏഷ്യയിലെങ്ങും പ്രശസ്തനായ താരം ലെതല്‍ വെപ്പണ്‍-4, കിസ്സ് ഓഫ് ഡ്രാഗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളീവുഡിലും തരംഗമായി. യുദ്ധം വിഷയമാക്കിയ ഇതിഹാസ കഥകള്‍ പറയുന്ന ചിത്രം ഡിസംബറില്‍ ഏഷ്യന്‍ തീയറ്ററുകള്‍ തേടിയെത്തും.

അടുത്ത കാലത്തായി ചൈനീസ് സിനിമകള്‍ക്ക് ആഗോളമായി വന്‍ പ്രചാരം ലഭിക്കുന്നുണ്ട്. മാര്‍ഷല്‍ ആര്‍ട്‌സ് വിഷയമാക്കിയ ചൈനീസ് ഇതിഹാസ കഥകളെല്ലാം ഹോളീവുഡില്‍ പോലും നന്നായി ഓടുന്ന സ്ഥിതിയാണ്. പിന്നെ താനെന്തിനു പ്രതിഫലം കുറയ്‌ക്കണമെന്ന ജെറ്റ് ലിയുടെ ചിന്ത തികച്ചും ന്യായമല്ലേ?