ആംനിസ്റ്റണ് പ്രണയം മേയറോട്

Webdunia
PROPRO
ജന്നിഫര്‍ ആംനിസ്റ്റണ്‍ വീണ്ടും പ്രണയകൂടാരത്തില്‍ അകപ്പെട്ടോ എന്നാണ് എല്ലാവരുടെയും സംശയം. ദീര്‍ഘ നാളായി ഒരു കണവന്‍ ഇല്ലാതെ വലയുകയായിരുന്ന ആംനിസ്റ്റണ്‍ പാട്ടുകാരന്‍ ജോണ്‍ മേയറില്‍ പുതിയ കാമുകനെ കണ്ടെത്തി എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഇരുവരെയും പല സ്ഥലത്തും ഒന്നിച്ചു കണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു.

അടുത്തിടെ മിയാമി റെസ്റ്റോറന്‍റില്‍ താരം ജോണ്‍ മേയറുമൊത്ത് സമയം ചെലവഴിക്കാന്‍ എത്തിയെന്നും ഇരുവരും ഒത്തൊരുമിച്ച് ഒട്ടേറെ സമയം ചെലവഴിച്ചെന്നും ചില വൃത്തങ്ങള്‍ പറയുന്നുണ്ട്. പാട്ടുകാരനും നടിയും പ്രണയശലഭങ്ങളെ പോലെയാണ് പെരുമാറിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ചില യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു തീന്‍മേശയ്‌ക്ക് ഇരുപുറത്തുമായി തല താഴ്‌ത്തി തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക ആയിരുന്നത്രെ. വെള്ളിയാഴ്ച ഉച്ച ഭക്ഷണത്തിനു ശേഷം ഇരുവരും ഇണക്കുരുവികളെ പോലെ കൈ കോര്‍ത്ത് നടന്നു. എന്തു തരത്തിലുള്ള കൂടിക്കാഴ്ചയാണെന്ന് ഊഹിക്കാന്‍ ആകുമായിരുന്നില്ലെങ്കിലും രണ്ടു പേരും ഒരുമിച്ച് ചെലവഴിച്ച ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ ആയിരുന്നു അതെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച പീപ്പിള്‍ മാസിക പറയുന്നു.

അതിനു ശേഷം കാസാ തൂ കടല്‍ത്തീരത്ത് ഇരുവരെയും കണ്ടെത്തി. അപ്പോള്‍ മുപ്പതുകാരനായ മെയറിന്‍റെ കരങ്ങള്‍ 39 കാരിയായ ആനിസ്റ്റണെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. മൂന്ന് വിവാഹം കഴിഞ്ഞ ആംനിസ്റ്റണ്‍ അടുത്ത കാലത്ത് ഒറ്റയ്‌ക്കായിരുന്നു. 2000 ല്‍ ബ്രാഡ് പിറ്റിനെ വിവാഹം കഴിച്ച ശേഷം 2005 ല്‍ ബന്ധം വേര്‍ പെടുത്തുക ആയിരുന്നു.

സംഗീതജ്ഞന്‍ ആദംദുറിറ്റ്‌സും, നടന്‍ താറ്റേ ഡോണൊവാനും സൂപ്പര്‍ താരം ബ്രാഡ്പിറ്റുമായും മുമ്പ് ബന്ധം ഉണ്ടായിരുന്ന ജെന്നിഫര്‍ ഇപ്പോള്‍ മാര്‍‌‌ലി ആന്‍ഡ് മീ എന്ന ചിത്രത്തില്‍ ഓവന്‍ വിത്സണൊപ്പം അഭിനയിച്ചു വരികയാണ്. ജോണ്‍ മേയറും പ്രണയ കാര്യത്തില്‍ സമ്പന്നനാണ്. ജെന്നിഫെര്‍ ലൊ ഹ്യുവിറ്റ്, ഹൈദി കും, ക്രിസ്റ്റീന അഗ്വിലേറ, ജസീക്കാ സിമ്പ്‌സണ്‍ അങ്ങനെ പോകുന്നു മേയറുടെ ബന്ധങ്ങളിലെ നായികമാര്‍.