പടയണിയുടെ കഥ

കേരളത്തിലെ അനുഷ്ഠാന കലകളില്‍ സവിശേഷമായതാണ് പടയണി . ഭദ്രകാളിക്ഷേത്രങ്ങളില്‍ പടയണി മഹോത്സവങ്ങള്‍ നടത്തുന്നതിന്‍റെ പരമോദ്ദേശ്യം ദേവീ പ്രീതിയും ദേവി പ്രസാദവുമാണ്.

അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവര്‍ത്തിയായി ദാരികന്‍ ബ്രഹ്മാവില്‍ നിന്നു ലഭിച്ച വരസിദ്ധിയാല്‍ ലോകത്ത് അക്രമപരമ്പര നടത്തുന്നു.

ദാരികനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത ദേവന്മാര്‍ക്ക് ഇന്ദ്രപ്രസ്ഥം പോലും വിട്ടൊഴിയേണ്ട സ്ഥിതിയുണ്ടായി. തുടര്‍ന്ന് മഹാവിഷ്ണവിന്‍റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ ശിവഭഗവാനെ അഭയം പ്രാപിച്ചു. അങ്ങനെയാണ് ഭദ്രകാളിയുടെ അവതാരം. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാനും ശിവന്‍ തീരുമാനിച്ചു.

ബ്രഹ്മാവ്, ദാരികന് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്‍റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളില്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാന്‍ ആര്‍ക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേര്‍പ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ ആദ്യം കഴിഞ്ഞില്ല.


മൃത്യഞ്ജയമന്ത്ര മറ്റൊരാള്‍ക്കു ദാരികന്‍റെ ഭാര്യ ഉപദേശിച്ചു കൊടുത്താല്‍ അതിന്‍റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാര്‍വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്‍റെ പത്നിയില്‍ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ വധിക്കാന്‍ ഭദ്രകാളിക്ക് ആയി.

പാതാളത്തില്‍ അഭയം തേടിയ ദാരികന്‍റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. തുടര്‍ന്ന് ഭദ്രകാളി ഓട്ടം ആരംഭിച്ചു. കാളിദേവിയുടെ കലി അടങ്ങിയിരുന്നില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകള്‍ മനസിലാക്കിയ ശിവന്‍ അവര്‍ക്ക് വഴിയില്‍ കിടന്ന് മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല.

പിന്നീട് ശ്രീമുരകനെ കാളിയെ അടക്കിനിര്‍ത്താന്‍ ശിവന്‍ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവില്‍ ഒരിടത്തും പഠിക്കാത്തത് അപ്പോള്‍ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാന്‍ മുരുകന്‍ നിശ്ഛയിച്ചു.

അതനുസരിച്ച് പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന്‍ പാളകളില്‍ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന കോലങ്ങള്‍കൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പില്‍ തുള്ളുകയുണ്ടായി.

(കോലം കെട്ടിയുള്ള ഈ തുള്ളല്‍ നടത്തിയത് ശിവന്‍റെ ഭൂതഗണങ്ങളായ നന്ദികേശന്‍, രുരു, കുണ്ഡോദന്‍ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).

ശ്രീമുരുകന്‍റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങള്‍കണ്ട ഭദ്രകാളി അമ്പമ്പടാ.... ഇതാരെടാ എന്നു അത്ഭുതം കൂറുകയും ശ്രദ്ധ അതില്‍ ഏകാഗ്രമാക്കുകയാല്‍ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിചാണ് പടയണിക്കോലങ്ങള്‍ കെട്ടുന്നത്.


വെബ്ദുനിയ വായിക്കുക