പടയണി- ചടങ്ങുകള്‍ പന്ത്രണ്ടു ദിവസം

കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. തീജ്വാല - അണയാത്ത തീജ്വാലയാണ് പടയണിയില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഘടകം. പടയണിച്ചടങ്ങുകളെല്ലാം അരങ്ങേറുന്നത് അഗ്നിജ്വാലകളുടെ സമൃദ്ധിയിലാണ്.

കാവുകളെല്ലാം ക്ഷേത്രങ്ങളായി മാറിയെങ്കിലും ശ്രീകോവിലില്‍ കുടിയിരുത്തിയിരിക്കുന്നത് പടയണി സമൂഹത്തിന്‍റെ അമ്മ തന്നെ. "പച്ചത്തപ്പു' കൊട്ടി വിളിച്ചിറക്കി അമ്മയെ യഥാസ്ഥാനത്തിരുത്തിയതിന് ശേഷം ചടങ്ങുകള്‍ തുടങ്ങുകയായി.

ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലില്‍ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ചടങ്ങുകള്‍ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നില്‍ക്കണം എന്നത് കര്‍ശനമാണ്. കാരണം അഗ്നി സ്വരൂപിണിയായ അമ്മയ്ക്ക് കാണാനാണ് അമ്മയുടെ മുന്‍പില്‍ പടയണിച്ചടങ്ങുകള്‍ അരങ്ങേറുന്നത്.

വെളിച്ചംപ്പോലെതന്നെ ശബ്ദവും പടയണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വാദ്യങ്ങളില്‍ നിന്നും കണ്ഠങ്ങളില്‍ നിന്നും ഉയരുന്ന ശബ്ദകോലാഹലങ്ങള്‍ കൊണ്ടു മുഖരിതമാണ് ആദ്യന്തം പടയണിയുടെ അന്തരീക്ഷം.


അനുകരണാത്മകങ്ങളായ ശബ്ദപ്രകടനങ്ങളുടെ സൗകുമാര്യമല്ല, ദുഃഖത്തിന്‍റെയും സന്തോഷത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുമ്പോഴത്തെ അകൃത്രിമമായ പുരഷ ശബ്ദകോലാഹലങ്ങളുടെ ചാരുതയാണ് പടയണിയില്‍ നമുക്കനുഭവിക്കാനാവുന്നത്.

ഇരുട്ടിന്‍റെ ക്രൂരതയെ ഭേദിച്ചു ചീറി എരിഞ്ഞുയരുന്ന ആഴിയുടെ ഭാവഹാദികള്‍ക്കനുസരിച്ച് ദേവതമാര്‍ കോലങ്ങള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ മൗനത്തെ ഭേദിച്ചുകൊണ്ട് ഇരച്ചുയരുന്ന ഒച്ചയും പടയണിയുടെ അന്തരീക്ഷത്തെചടുലമാക്കുന്നു.

പാളയും കുരുത്തോലയും

ഒറ്റപ്പാളയില്‍ നിര്‍മ്മിച്ച കോലം കെട്ടി പടയണിതുള്ളുന്നു. പശ്ഛാത്തലത്തില്‍ തപ്പ് വാദ്യമായുപയോഗിക്കുന്നു. തുടര്‍ന്ന് കുതിരപ്പടേനിയാണവതരിപ്പിക്കുന്നത്.

കുരുത്തോലയിലുണ്ടാക്കിയ കുതിരമുഖം വച്ചുകെട്ടി തുള്ളുന്നതാണ് കുതിരപ്പടേനി. തപ്പ്, മദ്ദളം, കൈമണി തുടങ്ങിയ താളവാദ്യങ്ങള്‍ പശ്ഛാത്തലത്തില്‍, ഇതിനുശേഷം മറുതാ കോലങ്ങള്‍, യക്ഷികോലങ്ങള്‍, ഭൈരവി കോലങ്ങള്‍ എന്നിവയുടെ വലിയപടയണിയാണ്.

വലിയ പടയണിയില്‍ ധാരാളം കോലങ്ങള്‍ ഉണ്ടായിരിക്കും. ശബ്ദവും, വെളിച്ചവും അവയുടെ ഉന്നതനിലയിലെത്തുന്നതും, സമന്വയിക്കുന്നതും ഭൈരവി കോലത്തിന്‍റെ തുള്ളലിലാണ്. പാളക്കോലങ്ങളില്‍ ഏറ്റവും വലിയ കോലവും ഭൈരവിക്കോലമാണ്.

സംഗീതത്തിന് ശാരീരഗുണം പോലെ, നൃത്തത്തിന് ശരീരഗുണം പോലെ, വാദ്യവാദനത്തിന് കൈഗുണംപോലെ നിറഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷി നിര്‍ത്തി. ഗുരുമുഖത്തു നിന്നും ചുണ്ടിലേക്കും, ചുവടിലേക്കും, കയ്യിലേക്കും, മെയ്യിലേക്കും പകര്‍ന്നു വീണുകിട്ടിയ വായ്ത്താരിയിലൂടെ ശാരീര-ശരീര-കൈഗുണങ്ങള്‍ സമ്മേളിപ്പിച്ച് ഒരു പടയണികലാകാരന്‍ കളരിയില്‍ കച്ചകെട്ടിയിറങ്ങുന്നു.

വെബ്ദുനിയ വായിക്കുക