ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‌വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്‌വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.
മുഖം കഴുകിയിട്ടു വേണം ഫേസ്‌വാഷ് പുരട്ടാന്‍. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടയ്‌ക്കേണ്ട ആവശ്യമില്ല. കാലാവധി തീര്‍ന്ന ഫേസ്‌വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.