World Sleep Day 2023: ഇന്ന് ലോക ഉറക്ക ദിനം, അറിയാം പ്രത്യേകതകള്‍

Webdunia
വെള്ളി, 17 മാര്‍ച്ച് 2023 (08:24 IST)
World Sleep Day 2023: ഇന്ന് ലോക ഉറക്കദിനം. മാര്‍ച്ച് മാസത്തിലെ മൂന്നാം വെള്ളിയാണ് ലോക ഉറക്കദിനമായി ആചരിക്കുന്നത്. നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാനും ഉറക്കസംബന്ധമായ കാര്യങ്ങളില്‍ ബോധവാന്‍മാരാകാനുമാണ് ഈ ദിവസം പ്രയോജനപ്പെടുത്തേണ്ടത്. 2008 ലാണ് വേള്‍ഡ് സ്ലീപ്പ് ഡേ കമ്മിറ്റി ഇങ്ങനെയൊരു ദിവസം ആചരിക്കാന്‍ മേല്‍ക്കൈ എടുത്തത്. 'നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോക ഉറക്ക ദിനത്തിന്റെ ആപ്തവാക്യം. 
 
നല്ല ആരോഗ്യത്തിനു ഉറക്കം അത്യാവശ്യമാണ്. ഓരോ പ്രായത്തിലും എത്ര മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
12 മാസം വരെ പ്രായമുള്ള നവജാത ശിശുക്കള്‍ ഒരു ദിവസം 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉറങ്ങണം. കുട്ടികള്‍ക്ക് ഉറക്കം വളരെ അത്യാവശ്യമാണ്. 
 
ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 11 മുതല്‍ 14 മണിക്കൂര്‍ വരെ ഉറങ്ങണം. മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറങ്ങണം. 
 
ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉറങ്ങേണ്ടത് ഒന്‍പത് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ്. 13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ ഒരു ദിവസം എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങണം. 
 
പ്രായപൂര്‍ത്തിയായവര്‍ രാത്രി നിര്‍ബന്ധമായും തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article