Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

അഭിറാം മനോഹർ

വെള്ളി, 20 ജൂണ്‍ 2025 (14:32 IST)
2007ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്റെ താരെ സമീന്‍ പര്‍ എന്ന സിനിമയുടെ തീമാറ്റിക് സ്വീക്വലായി ഒരുക്കിയ സിനിമയാണ് സിതാരെ സമീന്‍ പര്‍ എന്ന സിനിമ. ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന സിനിമ എന്ന രീതിയില്‍ സിനിമയ്ക്ക് മുകളിലുള്ള പ്രേക്ഷകപ്രതീക്ഷയും ഏറെയായിരുന്നു. താരെ സമീന്‍ പര്‍ പോലെ തന്നെ ഭിന്നശേഷിയുള്ള കുട്ടികളെ ആസ്പദമാക്കിയാണ് സിതാരെ സമീന്‍ പര്‍ എന്ന സിനിമയും ഒരുക്കിയിരിക്കുന്നത്.2018ല്‍ ഇറങ്ങിയ ചാമ്പ്യന്‍സ് എന്ന സ്പാനിഷ് സിനിമയുടെ റീമെയ്ക്ക് കൂടിയാണ് ചിത്രം.
 
 സിനിമയുടെ  ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ താരെ സമീന്‍ പര്‍ പോലെ തന്നെ പ്രേക്ഷകരുടെ കണ്ണ് നനയിക്കാന്‍ സിനിമയ്ക്ക് സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്കെല്ലാം വലിയ പ്രചോദനം നല്‍കുന്നതാണ് സിനിമ. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലകനായി എത്തുന്ന ആമിര്‍ ഖാന്‍ അവരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പറയുന്ന സിനിമ മനുഷ്യത്വം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രേക്ഷകരെ കണ്ണ് നനയിക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. കോമഡി ഡ്രാമ ജോണര്‍ ആയതിനാല്‍ തന്നെ വിരസതയില്ലാതെ സിനിമ കാണാമെന്നതും സിനിമയുടെ പോസിറ്റീവാണ്. 
 
 അഭിനേതാക്കളില്‍ ആമിര്‍ഖാന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഭിന്നശേഷിക്കാരായ കുട്ടികളാണ് സിനിമയിലെ യഥാര്‍ഥ താരങ്ങളെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നായികയായെത്തിയ ജെനീലിയയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ശങ്കര്‍ എഹ്‌സാന്‍ ലോയുടെ സംഗീതം സിനിമയുമായി ഇഴുകി ചേരുന്നതാണ്. ശ്രീനിവാസ് റെഡ്ഡിയുടെ ഛായാഗ്രഹണവും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. മനോഹരമായ പ്രകടനങ്ങളും കണ്ണ് നനയിപ്പിക്കുന്ന സിനിമയാണെങ്കിലും 2018ലെ ചാമ്പ്യന്‍സ് എന്ന സിനിമയുടെ സീന്‍ ബൈ സീന്‍ കോപ്പി തന്നെയാണ് സിതാരെ സമീന്‍ പര്‍. അതിനാല്‍ ചാമ്പ്യന്‍സ് സിനിമ കാണാത്തവര്‍ക്ക് മാത്രമെ സിനിമ പുതു അനുഭവമായി മാറുന്നുള്ളു. സിനിമ സീന്‍ ബൈ സീന്‍ റീ മെയ്ക്ക് ആണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിലാണ് സിനിമ നിരൂപകരും സിനിമയെ വിലയിരുത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍