നഖംകടിക്കുന്ന ശീലമുണ്ടോ ? സൂക്ഷിച്ചോളൂ... ഈ രോഗങ്ങളും നിങ്ങളുടെ കൂടെയുണ്ട് !

ബുധന്‍, 13 ഡിസം‌ബര്‍ 2017 (12:14 IST)
മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കുക എന്നത്. കുട്ടിക്കാലത്തു ആരംഭിക്കുന്ന ഈ ശീലം ചില ആളുകളെ വാർധക്യത്തിലെത്തിയാല്‍ പോലും വിട്ടുപോകാറുമില്ല. സമ്മര്‍ദവും വിരസതയുമാണ് നഖംകടിക്കു പിന്നിലെ പ്രധാന കാരണമെന്നാണ്  ആരോഗ്യവിദഗ്ദര്‍ പറയുന്നത്. എന്തുതന്നെയായാലും നഖം കടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. 
 
ഇ–കോളി, സാൽമോണല്ല എന്നീ ബാക്ടീരിയകളുടെ പ്രധാന വാസസ്ഥലമാണ് നഖം. അതുകൊണ്ടുതന്നെ നഖം കടിക്കുന്നതിലൂടെ ഈ ബാക്ടീരിയകള്‍ വായ്ക്കുള്ളിലെത്തുകയും തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇത് അണുബാധയ്ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. നഖം കടിക്കുന്നതിലൂടെ വിരലിൽ നീരുവീക്കം ഉണ്ടാകുകയും നഖത്തിനു ചുറ്റും പഴുപ്പു കെട്ടുന്നതിനും കാരണമായേക്കും.  
 
സ്ഥിരമായി നഖം കടിക്കുന്നവര്‍ക്ക് അരിമ്പാറ പോലുള്ളവ ഉണ്ടായേക്കുമെന്നും പഠനങ്ങള്‍ പറയുന്നു. സ്ഥിരമായുള്ള നഖം കടി യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകുന്നതിനും അവയുടെ ആകൃതി വ്യത്യാസത്തിനും വളർച്ച എത്തുന്നതിനു മുമ്പ് തന്നെ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും കാരണമായേക്കും. ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകാവസ്ഥകളിലേക്കും ഈ ദുശ്ശീലം നമ്മെ കൊണ്ടെത്തിക്കുമെന്നും പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍