Viral Hepatitis: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് ജില്ലയില്‍ കൂടുതല്‍ കണ്ടുവരുന്നത്.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പകരുമെന്ന് മനസിലാക്കുക. ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലം, മൂത്രം, ഉമിനീര്‍, രക്തം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം. നഖം കൃത്യമായ ഇടവേളകളില്‍ വെട്ടി വൃത്തിയാക്കുക. വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കണം.
ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി, പനി എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം ബാധിക്കുന്നതും മറ്റൊരു പ്രധാന ലക്ഷണം. രോഗം ബാധിച്ചവര്‍ ഒരാഴ്ച പൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കണം.