ഒട്ടും സുരക്ഷിതരല്ല, പുകവലി പോലെ തന്നെ അപകടം; ഇ-സിഗരറ്റ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (21:30 IST)
ഡോ. രോഹിത് എസ്
കണ്‍സള്‍ട്ടന്റ്
ഡിപ്പാര്‍ട്‌മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിന്‍
കിംസ്‌ഹെല്‍ത്ത് തിരുവനന്തപുരം
 
മാറുന്ന കാലഘട്ടത്തിനനുസരിച്ച് പുകവലിയിലും വന്ന പരിഷ്‌കാരമാണ് വേപ്പിംഗ്. യുവതലമുറ ആഘോഷമാക്കുന്ന വേപ്പിംഗ് സംസ്‌കാരം പുകവലിയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം സുരക്ഷിതമാണ്? ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സിഗരറ്റ് അഥവ ഇ-സിഗരറ്റ് ഉത്പാദിപ്പിക്കുന്ന നീരാവി (പുക)  ശ്വസിക്കുന്നതിനെയാണ് വേപ്പിംഗ് എന്ന് പറയുന്നത്. ഒരു പതിറ്റാണ്ട് മുന്‍പാണ് ഇ-സിഗരറ്റുകള്‍ വിപണിയില്‍ പ്രത്യക്ഷപ്പെടുന്നതും സജീവമാകുന്നതും. അന്ന് മുതല്‍ പുകവലിക്ക് പകരമായി ദോഷകരമല്ലാത്ത ഒരു ബദലെന്ന നിലയ്ക്ക് അവ ജനപ്രിയമാവുകയും ചെയ്തു. സാധാരണ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് വേപ്പിംഗ് എന്ന് പൊതുജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയും ഇക്കാലമത്രയും നിലനിന്നുപോരുന്നു.
 
വിവിധ ഫ്‌ലേവറുകളിലുള്ള ഇ-ലിക്വിഡ് നിറയ്ക്കാന്‍ സാധിക്കുന്നതോ നിറച്ചതോ ആയ കേട്രിഡ്ജ്, പുക സൃഷ്ടിക്കുന്നതിന് ഇ-ലിക്വിഡിനെ ചൂടാക്കാന്‍ ആവശ്യമായ ആറ്റോമൈസര്‍, റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി എന്നിവ അടങ്ങുന്നതാണ് ഇ-സിഗരറ്റ്. ഇതില്‍ ഉപയോഗിക്കുന്ന ദ്രാവകം അതായത് ഇ-ലിക്വിഡ് പുകയിലയുടെ ആസക്തിയുള്ള മരുന്നായ നിക്കോട്ടിന്‍ അടങ്ങിയതായിരിക്കും. ഇതോടൊപ്പം ഫ്‌ലേവറുകള്‍ നല്‍കുന്ന ഏജന്റും മറ്റ് രാസ വസ്തുക്കളും അടങ്ങിയിരിക്കുന്നു. വിവിധ രൂപങ്ങളിലും വലുപ്പത്തിലും ഇ-സിഗരറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ആദ്യകാലങ്ങളില്‍ സിഗരറ്റ് പോലെ തന്നെ തോന്നിച്ചിരുന്ന ഇവയുടെ നാലാം തലമുറ യുഎസ്ബി ഫ്‌ലാഷ് ഡ്രൈവിന്റെയും പോഡുകളുടെയും ആകൃതിയിലാണ് പ്രചാരത്തിലുള്ളത്.
 
വേപ്പിംഗ് പുകവലി പോലെ തന്നെയാണ്. നിക്കോട്ടിന്‍, ഫ്‌ലേവറിംഗ് ഏജന്റ്, മറ്റ് രാസവസ്തുക്കള്‍ എന്നിവയടങ്ങിയ ദ്രാവകം ചൂടാകുന്നത് എയ്‌റോസോള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു. അങ്ങനെയാണ് ഇ-സിഗരറ്റ് പ്രവര്‍ത്തനക്ഷമമാകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കയുമുയര്‍ത്തുന്നുണ്ട്. കൗമാരക്കാരുടെ ഇടയില്‍ ഉപയോഗത്തിലുള്ള മറ്റ് പുകയില ഉത്പന്നങ്ങളുടെ (പരമ്പരാഗത സിഗരറ്റുകള്‍ ഉള്‍പ്പടെയുള്ളവ) അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണ്. സമ്മര്‍ദ്ദവും ഉത്കണ്ഠയും മറികടക്കാനും കൈകാര്യം ചെയ്യുന്നതിനും ഒരു സാമൂഹിക പരീക്ഷണമെന്ന നിലയില്‍ കൗമരക്കാര്‍ വേപ്പിംഗിലേക്ക് തിരിയുകയും ഇത് പിന്നീട് ആസക്തിയായി മാറുകയും ചെയ്യും.
 
ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാവുന്ന അപകടങ്ങളെ സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുകയാണ്. വേപ്പിംഗിലൂടെ ഗുരുതരവും കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കാത്തതുമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. കൗമരക്കാര്‍ക്കിടയിലെ വേപ്പിംഗ് ഉപയോഗം നിക്കോട്ടിന്‍ എക്‌സ്‌പോഷറിലേക്ക് നയിക്കും. അത് ആസക്തിയായി മാറുകയും മസ്തിഷ്‌ക വികാസത്തിന് ഹാനികരമാവുകയും ചെയ്യും. ശ്വസിക്കുമ്പോള്‍ ദോഷകരമായ വിഷവസ്തുക്കളും ചെറിയ കണങ്ങളും വേപ്പിംഗ് ചെയ്യുമ്പോഴുണ്ടാകുന്ന പുകയില്‍ അടങ്ങിയിരിക്കാം. ഇ-സിഗരറ്റില്‍ നിന്നുള്ള നിക്കോട്ടിന്‍ ശ്വാസകോശ കോശങ്ങളെ നശിപ്പിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു. ഇത് അണുബാധകള്‍ക്കും ക്യാന്‍സറിനും വരെ കാരണമായേക്കാം.
 
വേപ്പിംഗ് മൂലമുണ്ടാകുന്ന ശ്വാസകോശ തകരാറിമെ ഇ-സിഗരറ്റ് അഥവ വേപ്പിംഗ് അസോസിയേറ്റഡ് ലങ് ഇഞ്ചുറി (EVALI) എന്ന് പറയുന്നു. ഇത് വിഷാദമടക്കമുള്ള മാനസികാരോഗ്യ ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ കേടായ ഇ-സിഗരറ്റ് ബാറ്ററികളും തീപിടുത്തത്തിന് കാരണമാവുകയും ഗുരുതരമായ പരുക്കുകളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.
 
മസ്തിഷ്‌ക വികാസത്തിന്റെ സമയത്ത് നിക്കോട്ടിന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാന്‍ പുതിയ ശ്രമങ്ങള്‍ ആവശ്യമാണ്. സ്ഥിരമായി നിക്കോട്ടിന്‍ ഉപയോഗിക്കുന്നത് ആസക്തിയിലേക്കും വഴിമാറുന്നു. അതുകൊണ്ട് തന്നെ ഇ-സിഗരറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ആസക്തിയെക്കുറിച്ചും നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article