കേരളത്തിലാദ്യമായി കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം: മലബാര്‍ കാന്‍സര്‍ സെന്ററിന് 18 കോടിയുടെ ഭരണാനുമതി

ശ്രീനു എസ്

വെള്ളി, 30 ഒക്‌ടോബര്‍ 2020 (15:21 IST)
കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിന് 50 ലക്ഷം, ഇമേജോളജി വിഭാഗത്തിന്റെ നവീകരണം 1.50 കോടി, എച്ച്.വി.എ.സി. യൂണിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന് 50 ലക്ഷം, ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം പൈലറ്റ് പ്രോജക്ടിന് 26 ലക്ഷം, ഹോസ്പിറ്റല്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം ആന്റ് സെല്‍ 1.91 കോടി, ഓഡിയോ വിഷ്വല്‍ അക്കാഡമിക് സെമിനാര്‍ ഹാള്‍ 21.50 ലക്ഷം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോഗ്രാം 1.27 കോടി, നഴ്സിംഗ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം, വിവിധ ബ്ലോക്കുകളിലെ ലിഫ്റ്റുകള്‍ക്ക് 2.32 കോടി, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ മൂന്നാം ഘട്ടം 4.31 കോടി, മെഡിക്കല്‍ ലൈബ്രറിയുടെ വിപുലീകരണം 1.30 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ ഘട്ടത്തിലെ വികസനത്തിനായി 28 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബാക്കി തുകയുടെ ഭരണാനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
 
സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കണ്ണുകളില്‍ അപൂര്‍വമായി കാണുന്ന കാന്‍സറിന്റെ അത്യാധുനിക ചികിത്സയ്ക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്. ഈ ചികിത്സയ്ക്കായി പലപ്പോഴും മറ്റ് സംസ്ഥാനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഇത് മനസിലാക്കായാണ് സര്‍ക്കാരിന്റെ ഒരു കാന്‍സര്‍ സെന്ററിന്റെ കീഴില്‍ തന്നെ ആദ്യമായി ഒക്യുലര്‍ ഓങ്കോളജി വിഭാഗം സജ്ജമാക്കുന്നത്. കുട്ടികളുടെ കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഈ വിഭാഗത്തിലുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍