രൂക്ഷമായാല്‍ മരണം ഉറപ്പ് ! പേടിക്കണം മലേറിയയെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Webdunia
ബുധന്‍, 21 ജൂണ്‍ 2023 (10:37 IST)
കൊതുക് വഴി പടരുന്ന അസുഖമാണ് മലേറിയ. അസുഖം രൂക്ഷമാകുകയും കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്താല്‍ മലേറിയ മരണത്തിലേക്ക് വരെ നയിക്കും. രോഗം ബാധിച്ച അനോഫെലിസ് കൊതുകിന്റെ കടിയിലൂടെയാണ് മലേറിയ പടരുന്നത്. രോഗം ബാധിച്ച കൊതുകുകള്‍ പ്ലാസ്‌മോഡിയം എന്ന പാരസൈറ്റിനെ വഹിക്കാറുണ്ട്. ഈ കൊതുക് കടിക്കുമ്പോള്‍ ഇത്തരം പാരസൈറ്റുകള്‍ മനുഷ്യരുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നു. രക്തത്തിലൂടെ ഈ പാരസൈറ്റുകള്‍ കരളിലേക്ക് എത്തും. കരളില്‍ വെച്ച് അവ വളരുകയും ചുവന്ന രക്താണുക്കളെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. രോഗം ബാധിച്ച കൊതുകുകളുടെ കടിയേറ്റാല്‍ എട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. 
 
പനിയാണ് മലേറിയയുടെ പ്രധാന ലക്ഷണം. പനി, തലവേദന, വിറയല്‍ എന്നിവ പ്രകടമായ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം. തലകറക്കം, ഛര്‍ദി, പേശികളില്‍ വേദന, കടുത്ത ക്ഷീണം, അമിതമായ വിയര്‍പ്പ്, വയറുവേദന, അപസ്മാരം, ബോധക്ഷയം, രക്തരൂക്ഷിതമായ മലം എന്നിവയും മലേറിയയുടെ ലക്ഷണങ്ങളാണ്. 
 
കൊതുക് കടിയില്‍ നിന്ന് സ്വയം സംരക്ഷിക്കുകയാണ് മലേറിയ വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. കൊതുക് കയറാതെ വീടിന്റെ ജനലുകളും വാതിലുകളും അടയ്ക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ടോയ്‌ലറ്റ് രണ്ട് ദിവസം കൂടുമ്പോള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മലേറിയയെ ഒരു പരിധിവരെ പ്രതിരോധിക്കാം.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article