കാണുമ്പോള്‍ വളരെ ചെറിയ ആളായിരിക്കും, പക്ഷേ ചിലപ്പോള്‍ അസാധാരണമായ കഴിവുകള്‍ അയാള്‍ക്കുണ്ടാവും. അതുകൊണ്ടുതന്നെ രൂപത്തില്‍ ചെറുതാണെന്നതിനാല്‍ ആരെയും വിലകുറച്ച് കാണരുത്. കാടമുട്ടയുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്. വളരെ ചെറിയ മുട്ടയാണ് കാടമുട്ട. കണ്ടാലോ? കറുത്ത പുള്ളികളുമൊക്കെയായി മൊത്തത്തില്‍ ഒരു അഭംഗി. പക്ഷേ ആള് കേമനാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
വലുപ്പം കൊണ്ട് ഒരു കോഴിമുട്ടയുടെ അഞ്ചിലൊന്നേ ഉള്ളെങ്കിലും അഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട. 1000 കോഴിക്ക് അര കാട എന്ന പഴഞ്ചൊല്ല് കേള്‍ക്കാത്തവരും ചുരുക്കം. കാടമുട്ടയില്‍ പ്രോട്ടീന്‍സ്, വൈറ്റമിന്‍ ബി, അയണ്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കാടമുട്ട സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
ആസ്ത്‌മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ട പച്ചയായി കഴിക്കുന്നതോ പാകം ചെയ്ത് കഴിക്കുന്നതോ ഉത്തമമാണ്. അലര്‍ജി പോലെയുള്ള അസുഖങ്ങള്‍ വരാതിരിക്കാനും കാടമുട്ട സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടാനും കാടമുട്ട നല്ലതാണ്.
തലച്ചോറിന്‍റെ കാര്യക്ഷമതയ്ക്കും ബുദ്ധി വികാസത്തിനും കാടമുട്ട പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ പഠിക്കുന്ന കുട്ടികള്‍ക്ക് ദിവസേന കാടമുട്ട നല്‍കാം. ഒരു വയസിന് മുകളിലും രണ്ട് വയസില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് ഒരു മുട്ട കൊടുക്കാം. രണ്ടുവയസുമുതല്‍ രണ്ടോ മൂന്നോ മുട്ട ദിവസവും കൊടുക്കാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് അഞ്ചുമുതല്‍ ആറ് കാടമുട്ട വരെ ദിവസവും കഴിക്കാം.
കാടമുട്ടയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ബുദ്ധി വളര്‍ച്ചയ്ക്ക് മാതാവ് കാടമുട്ട കഴിക്കുന്നത് നല്ലതാണ്.
വൃക്കയില്‍ കല്ല് പോലെയുള്ള രോഗങ്ങളുണ്ടാകാതിരിക്കാനും കരളിന്‍റെ ആരോഗ്യത്തിനും കാടമുട്ട സഹായിക്കുന്നു. ദഹന പ്രശ്നങ്ങള്‍ക്കും കാടമുട്ട സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് സഹായിക്കും. അയണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അനീമിയ ഉള്ളവര്‍ക്ക് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ട കഴിക്കാവുന്നതാണ്.
140 ശതമാനം വൈറ്റമിനാണ് കാടമുട്ടയില്‍ ഉള്ളത്. 13 ശതമാനമാണ് പ്രോട്ടീന്‍റെ അളവ്. പതിവായി ചുമ ശല്യപ്പെടുത്തുന്നവര്‍ കാടമുട്ട കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം കാടമുട്ടയുടെ സവിശേഷതയാണ്. അര്‍ബുദം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ ഇത് സഹായിക്കുന്നു.
ലൈംഗികാരോഗ്യത്തിനും കാടമുട്ട കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. തലമുടിയുടെ സംരക്ഷണത്തിനും മുടിയുടെ ഉള്‍ക്കനം വര്‍ദ്ധിപ്പിക്കുന്നതിനും കാടമുട്ട കഴിക്കുന്നത് നല്ലതാണ്. സന്ധിവേദനയ്ക്കും കാടമുട്ട അത്യുത്തമമാണ്. വയറുവേദനയും ഛര്‍ദ്ദിക്കാനുള്ള ത്വരയും കാടമുട്ട കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.