വയറുവേദനയെ നിസ്സാരമായി കാണരുത്

ചൊവ്വ, 13 ഫെബ്രുവരി 2018 (11:04 IST)
കുട്ടികൾ പൊതുവേ വയറുവേദനയെന്ന് പറയുമ്പോൾ അത് നിസാരമാക്കുന്നവരാണ് മാതാപിതാക്കൾ. പച്ചമാങ്ങ കഴിച്ചശേഷം തണുത്തവെള്ളം കുടിച്ചത് കൊണ്ടാണെന്നും ഒരുപാട് പച്ചചക്ക കഴിച്ചത് കൊണ്ടാണെന്നും വെള്ളം കുടിക്കാത്തത് കൊണ്ടാണെന്നുമൊക്കെയാണ് അന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നത്. 
 
എന്നാൽ, ചെറിയ ഒരു വയറുവേദനയെ പോലും നിസ്സാരമാക്കി കാണരുതെന്ന് പഠനങ്ങൾ പറയുന്നു. വയറു വേദന കുട്ടികൾക്കായാലും മുതിർന്നവർക്കായാലും പ്രാധാന്യത്തോടെ തന്നെയാണ് എടുക്കേണ്ടതെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. ഇതിനെ പോലും സാധാരണ സംഭവമായി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്.
 
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്‌നി സ്റ്റോണിന്റേയോ അപ്പെന്‍ഡിക്‌സിന്റേയോ വയറ്റിലെ അള്‍സറിന്റേയോ പ്രശ്നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വേദന ഇടതുഭാഗത്താണെങ്കില്‍ കുടലില്‍ ക്യാന്‍സറോ വയറിളക്കമോ മലബന്ധം മൂലമോ ആയിരിക്കാനും സാധ്യതയുണ്ട്.
 
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.
 
രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ വന്ന്‌ അടയുന്നതു മൂലവും ദഹനത്തിന്‌ ആവശ്യമായ രക്തം ലഭിയ്‌ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്‌നമാണ്‌ ഇത്. കൂടാതെ ഗോള്‍ബ്ലാഡര്‌ സ്‌റ്റോണ്, പാന്‍ക്രിയാറ്റിസ്‌ എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.
 
വയറുവേദനകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്നത് ആമാശമത്തിലെയും കുടലിലെയും അള്‍സര്‍ മൂലമുള്ള വയറുവേദനയാണ്. മേല്‍ വയറ്റിലെ ഏതാണ്ട് മധ്യഭാഗത്തായിട്ടാണ് ഈ വേദന അനുഭവപ്പെടുന്നത്. വയര്‍ കാലിയായിരിക്കുമ്പോള്‍ പുകച്ചില്‍ അനുഭവപ്പെടുന്നതും അതുപിന്നീട് വേദനയായി മാറുന്നതും ആമാശത്തിലെ അള്‍സറിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിച്ചു കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ വേദന അനുഭവപ്പെടുന്നതും ഛര്‍ദിക്കുന്നതും അള്‍സറിന്റെ ലക്ഷണങ്ങള്‍ തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍