ഹവാന സിൻഡ്രോം രാജ്യത്തും!, എന്താണ് അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാത‌രോഗം?

ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (20:57 IST)
ഇന്ത്യയിൽ ആദ്യമായി അജ്ഞാതരോഗമായ ഹവാന സിൻഡ്രോം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യ സന്ദർശിച്ച യുഎസ് ഉദ്യോഗസ്ഥൻ ഹവാന സിൻഡ്രോമിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടർ വില്യം ബേൺസിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥൻ.
 
കഴിഞ്ഞമാസം നിരവധി അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോമിന് സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുറ്റർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദർശനം വൈകിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സന്ദർശിച്ച അമേരിക്കൻ ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചത്.
 
2016ല്‍ ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണു ഹവാന സിന്‍ഡ്രോമെന്ന പേര് ഇതിന് ലഭിച്ചത്. ഇതുവരെ 200-ലേറെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികില്‍സയിലാണ്.അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയാണ് എന്നാണ് ധാരണ.ചൈനയേയും നിലവിൽ യുഎസ് സംശയിക്കുന്നുണ്ട്.
 
ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിശക്തി നഷ്ടമാകല്‍, ചെവിക്കുള്ളില്‍ മുഴക്കം, തലയ്ക്കുള്ളില്‍ അമിത സമ്മര്‍ദം, ഓര്‍മക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവല്‍ എന്നിവയാണ് ഇതിന്റെ രോഗലക്ഷണങ്ങളായി പറയുന്നത്.മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്‌ദം കേൽക്കുന്നുവെന്നാണ് രോഗം ബാധിച്ചവർ പറയുന്നത്.
 
രോഗം ബാധിച്ച പലരും ഇപ്പോളും ചികിത്സയിലാണ്. എന്തുകൊണ്ടാണ് രോഗം ബാധിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.അമേരിക്കന്‍ സൈന്യം, എഫ് ബി ഐ, സി.ഐ.എ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ എന്നീ ഏജന്‍സികളെല്ലാം ഇപ്പോഴും ഈ രോഗത്തിന്റെ പുറകിലാണ്. അധികം വൈകതെ ഇതിനൊരു വിശദീകരണം ലഭിക്കുമെന്നാണ് യുഎസ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍