മുടിക്കൊഴിച്ചിലുണ്ടോ? വെള്ളം മാത്രമായിരിക്കില്ല പ്രശ്നക്കാരൻ

അഭിറാം മനോഹർ

ഞായര്‍, 23 ജൂണ്‍ 2024 (19:33 IST)
നാട് വിട്ട താമസിക്കുന്ന പലരും തങ്ങളുടെ മുടി കൊഴിച്ചിലിന് ഏറ്റവും പരാതിപ്പെടുന്നത് അവിടത്തെ വെള്ളത്തിനെയാണ്. നാട് വിട്ടതിന് ശേഷം ഹോസ്റ്റലിലെയോ റൂമിലെയോ വെള്ളത്തില്‍ കുളിച്ച് തുടങ്ങിയത് മുതലാണ് മുടി കൊഴിയുന്നത് എന്നിങ്ങനെ കുളിക്കുന്ന വെള്ളത്തിനാണ് മുടി കൊഴിച്ചിലിന്റെ കുറ്റം ലഭിക്കാറുള്ളത്.
 
 ഒരു വ്യക്തിയില്‍ ഒരു ദിവസം ശരാശരി 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുമെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ മുടി ഒരു ദിവസത്തില്‍ കൊഴിയുന്നതിനെയാണ് മുടിക്കൊഴിച്ചിലായി കണക്കാക്കുന്നത്. പുറത്തെ ഹാര്‍ഡ് വാട്ടര്‍ ഉപയോഗിച്ച് കുളിക്കുന്നത് മുടിയുടെ മൃദുലത നഷ്ടമാകാന്‍ കാരണമാകും.എന്നാല്‍ വെള്ളം മുടിയിലുണ്ടാക്കുന്ന ഈ മാറ്റം മാത്രമാകില്ല മുടികൊഴിച്ചിലിന് കാരണം.
 
 പലപ്പോഴും അമിതമായ മുടിക്കൊഴിച്ചിലിന് നമ്മുടെ പാരമ്പര്യം ഒരു പ്രധാനഘടകമാകും. ഗര്‍ഭകാലം,പ്രസവം,തൈറോയിഡ് പ്രശ്‌നങ്ങള്‍,ആര്‍ത്തവവിരാമം എന്നീ സമയങ്ങളിലുള്ള ഹോര്‍മോണല്‍ മാറ്റങ്ങളും അമിതമായുള്ള മുടികൊഴിച്ചിലിന് കാരണമാകാം. ഇതിന് പുറമെ മാനസിക സമ്മര്‍ദ്ദവും ഒരു കാരണമാകാം. കൂടാതെ വിറ്റാമിന്‍ ഡി 3 കുറയുന്നതും മുടികൊഴിച്ചിലുണ്ടാക്കും. ഇരുമ്പ്,പ്രോട്ടീന്‍,ബയോടിന്‍ എന്നീ പോഷകളുടെ കുറവും മുടി കൊഴിയുന്നതിന് കാരണമാണ്. ഇതിന് പുറമെ മുടി മുറുക്കി കെട്ടുന്നതും മറ്റും മുടികൊഴിച്ചിലിന് കാരണമാകും.
 
 ഈ പ്രശ്‌നങ്ങള്‍ ഒരു വിധം പരിഹരിക്കുന്നതിന് സള്‍ഫേറ്റ് ഫ്രീ ഷാമ്പു ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടിയിലെ സ്വാഭാവിക എണ്ണ പോകാാതെ ഡീപ് ക്ലെന്‍സ് ചെയ്യാന്‍ സഹായിക്കുകയും ഹാര്‍ഡ് വാട്ടറില്‍ അടിഞ്ഞുകൂടുന്ന ധാതുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഹെയര്‍ സെറം ഉപയോഗിക്കുമ്പോള്‍ മിനോക്‌സിഡില്‍ അടങ്ങിയ സെറം തിരെഞ്ഞെടുക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍