നല്ല ഉറക്കം ലഭിക്കാനും കൂര്‍ക്കംവലി കുറയ്ക്കാനും വേണ്ടി ചിലര്‍ വായ ടേപ്പ് ഉപയോഗിച്ച് അടയ്ക്കാന്‍ ശ്രമിക്കാറുണ്ട്.പക്ഷേ ഡോക്ടര്‍മാര്‍ അതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നു. ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്ത ഇത്തരം കാര്യങ്ങള്‍ ടിക് ടോക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലപ്പോള്‍ ഇവയുടെ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകളാകാം ഇവയെ പ്രോത്സാഹിപ്പിക്കുന്നത്.മൗത്ത് ടേപ്പിന് പിന്നിലെ പഠനങ്ങള്‍ ചെറുതാണ്. അതുപോലെ തന്നെ ഗുണങ്ങള്‍ കുറവാണ്. അപകടസാധ്യതകളും ഉണ്ട്.
ഇത് സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകള്‍ കൂടുതല്‍ വഷളാക്കുന്നതിനോ ശ്വാസംമുട്ടലിനോ കാരണമായേക്കാം. മുതിര്‍ന്നവരില്‍ വായിലൂടെ ശ്വസിക്കുന്നത് ഒരു പ്രധാന ആരോഗ്യ പ്രശ്നമല്ല. പക്ഷേ മൂക്കിലൂടെ ശ്വസിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മൂക്ക് ഒരു പ്രകൃതിദത്ത ഫില്‍ട്ടറിംഗ് സംവിധാനമാണ്.പൊടിയും മറ്റ് അലര്‍ജികളും ശ്വാസകോശത്തിലേക്ക് എത്തുന്നതിന് മുമ്പ് അവയെ തടയാന്‍ മൂക്കിന് സാധിക്കും.
രാത്രിയില്‍ വായ തുറന്ന് ശ്വസിച്ചാല്‍, വരണ്ട വായയും തൊണ്ടയിലെ അസ്വസ്ഥതയും ഉണ്ടാകാം, ഇത് വായ്നാറ്റത്തിനും കൂര്‍ക്കംവലിക്കും കാരണമാകും. എന്നാല്‍ മൂക്കിലൂടെ ശ്വസിക്കുന്നത് വായിലൂടെ ശ്വസിക്കുന്നതിനേക്കാള്‍ നല്ലതാണെങ്കിലും വായ അടച്ചുപിടിക്കുന്നത് പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമല്ല. ഉറക്കം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല. എന്നാല്‍ അപകട സാധ്യതകള്‍ ഉണ്ട് താനും.