ഡെങ്കിയുടെ കാലം വരുകയാണ്; വീടുകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 മെയ് 2025 (20:34 IST)
ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ മേയ് 16, മേയ് 23, മേയ് 30 എന്നീ തീയതികളില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈ ഡേയും ആചരിക്കണം.
 
ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും എവിടെവേണമെങ്കിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടുകളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിന് മറ്റു വകുപ്പുകളുടെയും സമഗ്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.
 
ആരംഭത്തില്‍ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുകളിലൂടെ കണ്ടുപിടിക്കുന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ ഡെങ്കിപ്പനി ചികിത്സ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍