തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2025 (20:36 IST)
മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ അല്ലെങ്കില്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ വരില്ലെന്നാണ് പലരും കരുതുന്നത്. ഫാറ്റി ലിവര്‍ എന്നാല്‍ മദ്യപാനികളിലും അമിതമായി തടിയുള്ളവരിലും വരുന്നതാണെന്ന് വലിയ വിഭാഗം സമൂഹവും കരുതുന്നു. എന്നാല്‍ അങ്ങനെയല്ല. ഉയരത്തിനൊത്ത് തടിയുള്ള ആരോഗ്യവാന്മാരായി പുറമെ കാണുന്നവരിലും ഫാറ്റി ലിവര്‍ രോഗം ഉണ്ടായിരിക്കാം. പ്രധാനമായും മുന്‍പ് മെലിഞ്ഞിരിക്കുകയും എന്നാല്‍ ചെറിയ കാലയളവില്‍ ശരീരഭാരം കൂട്ടുകയും ചെയ്തവരില്‍ ഫാറ്റി ലിവര്‍, പ്രമേഹം, പിസിഒഡി എന്നിവ വരാനുള്ള സാധ്യത അധികമാണ്,
 
എന്തെന്നാല്‍ തടി കൂടുതല്‍ ഉള്ളവരില്‍ അമിതമായ കൊഴുപ്പ് ചര്‍മ്മത്തിനടിയില്‍ സൂക്ഷിക്കാന്‍ പാകത്തില്‍ അഡിപ്പോസ് കലകള്‍ ഉണ്ടായിരിക്കും. എന്നാല്‍ മെലിഞ്ഞ പ്രകൃതമുള്ളവരില്‍ ഇത് ഉണ്ടായിരിക്കില്ല. മെലിഞ്ഞിരിക്കുന്നവര്‍ ഒരു ചെറിയ കാലയളവിനുള്ളില്‍ ശരീരഭാരം വര്‍ധിപ്പിക്കുമ്പോള്‍ അമിതമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് വയറിന് ചുറ്റുമോ ആന്തരികാവയവങ്ങള്‍ക്ക് ചുറ്റുമോ ആയിരിക്കും ശേഖരിക്കപ്പെടുക. അതിനാല്‍ മെലിഞ്ഞ ഒരാള്‍ ഉയരത്തിനനുസരിച്ച് തടി വെയ്ക്കുന്നത് പുറമെയ്ക്ക് ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും എല്ലാവരിലും അത് അങ്ങനെയാകണമെന്നില്ല. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഫാറ്റി ലിവര്‍ അടുത്ത സ്റ്റേജിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്.
 
ഫാറ്റി ലിവറിനെ തടയാന്‍ എന്ത് ചെയ്യാം?
 
ഭാരം നിയന്ത്രണത്തില്‍ വയ്ക്കുക: തടി കുറഞ്ഞവര്‍ക്കും ഭാരം പെട്ടെന്ന് കൂടുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഫാറ്റി ലിവറിനോടൊപ്പം പ്രമേഹം, പിസിഒഡി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
 
കൃത്യമായ വ്യായാമം: ദിവസവും ശരീരചലനം ഉറപ്പാക്കുക. വ്യായാമം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ആന്തരികാവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
 
മദ്യം ഒഴിവാക്കുക: മദ്യപാനം ഫാറ്റി ലിവറിന് പ്രധാന കാരണമാണ്. അതിനാല്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുക.
 
ആരോഗ്യകരമായ ഭക്ഷണശീലം: പച്ചക്കറികള്‍, പഴങ്ങള്‍, കൂടുതല്‍ നാരുള്ള ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോസസ്ഡ് ഫുഡ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍