ഇരുപതു വർഷം മുമ്പ് മൂക്കിൽപ്പെട്ട പ്ളാസ്റ്റിക് ബട്ടണുമായി ഇക്കാലമത്രയും ദുരിതം സഹിച്ച ഇരുപത്തിരണ്ടുകാരിക്ക് റെനോലിത്ത് ശസ്ത്രക്രിയ വഴി സമാശ്വാസം. കുട്ടിക്കാലം മുതൽ മൂക്കടപ്പും മൂക്കിൽ നിന്നുള്ള ദുർഗന്ധവും കാരണം ബുദ്ധിമുട്ട് അനുഭവിച്ച യുവതിക്കാണ് പട്ടം എസ്യുടുബിആർ ലൈഫ് ആശുപത്രിയിലെ ഇ.എൻ. ടി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ അമ്മു ശ്രീ പാർവതി തുണയായത്.
രണ്ടു വയസ്സിനും മുമ്പേ കുട്ടിയുടെ മൂക്കിൽ ബട്ടൺ അകപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. വളരുന്തോറും മൂക്കടപ്പും മൂക്കിൽ ദുഗഗന്ധവും കൂടിവന്നു. ചികിത്സകളൊന്നും ഫലിച്ചില്ല. ഈയിടെ എസ്.യു.ടി ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് മാംസം മൂടിയ നിലയിൽ അന്യവസ്തുവിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ഡോ അമ്മു ശ്രീ പാർവതിയുടെ നേതൃത്വത്തിൽ റെനോലിത്ത് ശസ്ത്രക്രിയ വഴി ബട്ടൺ പുറത്തെടുക്കുകയായിരുന്നു. മൂക്കിനുള്ളിൽ അകപ്പെടുന്ന അന്യവസ്തുക്കൾ കാലക്രമത്തിൽ മാംസം പൊതിഞ്ഞ് കല്ലുപോലെ ആയിത്തീരുന്നതിനെയാണ് റെനോലിത്ത് എന്നു പറയുന്നത്.
മാംസം വളർന്ന് പൂർണമായും മൂടിയ ബട്ടൺ പുറത്തെടുത്തതോടെ കെട്ടിക്കിടന്ന പഴുപ്പ് പുറത്തേക്കൊഴുകി. ബട്ടണു ചുറ്റും മാംസം വളർന്ന് ശ്വസനപാത അടഞ്ഞതായിരുന്നു ശ്വാസതടസ്സത്തിനു കാരണം. ബട്ടൺ മൂക്കിനുള്ളിൽ കടന്നത് എപ്പോഴെന്ന് യുവതിക്ക് നിശ്ചയമില്ല. ഓർമ്മ വച്ചതിനു ശേഷം അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വീട്ടുകാരും പറയുന്നു. തീരെ കുഞ്ഞായിരുന്നപ്പോൾ കളിക്കുന്നതിനിടയിലോ മറ്റോ ബട്ടൺ മൂക്കിൽ അകപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.