മഴയും ഡ്രൈവിങ്ങും !- അതൊരു നല്ല കോം‌മ്പിനേഷനാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശനി, 16 ജൂണ്‍ 2018 (14:24 IST)
മഴ, മഴ, മഴ.... ചന്നം പിന്നം മഴ. മലനാട് മഴനാടാണ്. മഴയും വെള്ളപ്പൊക്കവും ചൊരിയുന്ന ദുരന്തങ്ങള്‍ക്കപ്പുറത്ത് മഴ മലയാളിക്ക് എല്ലാമാണ്. മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്. 
 
അതെ മഴയ്ക്ക് മുഖങ്ങള്‍ പലതാണ്. ചന്നം ചിന്നം പെയ്ത് തുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് ഭൂമിയെ കുളിര്‍പ്പിച്ച് പച്ച പുതപ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് അങ്ങനെ കടന്നുപോകുന്ന മഴ. എല്ലം തകര്‍ത്ത് കടപുഴക്കിക്കൊണ്ടു പോകുന്ന കുടിലതയുടെ മുഖം. അങ്ങനെ അങ്ങനെ...
 
കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്. ബൈക്കും കാറുമെടുത്ത് മഴയത്ത് റോഡിലിറങ്ങുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. 
 
ഗ്ളാസുകള്‍ നാലും ഉയര്‍ത്തിയിട്ട്, വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ച്, നേരിയ ശബ്ദത്തില്‍ സംഗീതവും ആസ്വദിച്ചുള്ള യാത്ര. അല്‍പം ലഹരി കൂടി അകത്തുണ്ടെങ്കില്‍ സ്ഥിതി ഒന്നുകൂടി മാറും. നല്ല വേഗം, വഴിയിലെ വെള്ളം ചിന്നിത്തെറിപ്പിച്ച് പോകാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്.
 
ഇതൊക്കെ പറയുമ്പോള്‍ ഒരു രസമൊക്കെയുണ്ട്. പക്ഷേ, അപകടം അരികിലെത്താന്‍ ഏറെ സമയം വേണ്ട.
 
മഴയൊന്നു പെയ്താല്‍ തകരുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ അധികം. കുഴിയില്ലെന്നു കരുതി വെള്ളത്തിലേക്ക് വണ്ടി കയറ്റുമ്പോള്‍ അവിടെ വമ്പനൊരു ഗട്ടര്‍. ചിലപ്പോള്‍ വണ്ടി വെട്ടിച്ചു മാറ്റുന്നിടത്തായിരിക്കും "കുഴി' വില്ലനനാകുന്നത്‍. 
 
മഴക്കാലമായാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബ്രേക്കിന്‍റെ കാര്യത്തിലാണെന്നു വാഹനവുമായി പരിചയിച്ചിട്ടുള്ളവര്‍ പറയും. വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ഡ്രമ്മില്‍ വെള്ളം കയറും. 
 
ബ്രേക്കിന്‍റെ ശക്തി കുറയാന്‍ ഇതു മതി. ആദ്യത്തെയോ രണ്ടാമത്തെയോ ചവിട്ടിനു പിന്നെ ബ്രേക്ക് കിട്ടില്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ടായിരിക്കില്ല പലരും ഇങ്ങിനെ ചെയ്യുന്നത്. നനഞ്ഞു കിടക്കുന്ന മിനുസമുള്ള റോഡിലാവട്ടെ "സ്കിഡിങ്' ആണു പ്രധാന പ്രശ്നം. 
 
ഓയിലിന്‍റെ അംശമൊക്കെയുള്ള റോഡില്‍ മഴ പെയ്യുന്നതോടെ തെന്നല്‍ സാധ്യതയേറും. അമിത സ്പീഡില്‍ വരുന്ന വാഹനങ്ങള്‍ സ്കിഡ് ചെയ്യാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍. വെള്ളം കയറിക്കിടക്കുന്ന വഴിയില്‍ക്കൂടി കഴിവതും യാത്ര ഒഴിവാക്കുക. 
 
മഴക്കാലത്ത് മദ്യപാനം വര്‍ദ്ധിക്കുമെന്നാണ് കേരളം നല്‍കുന്ന പാഠം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റമാണെന്നിരിക്കെ അതിനു മുതിരരുത്. തണുപ്പകറ്റാന്‍ "അല്‍പം അകത്താക്കിയവര്‍' വാഹനം ഓടിക്കരുത്.
ഓടുന്ന ബസിലും മറ്റും ചാടിക്കയറുന്നത് ഏതു കാലത്തും അപകടമാണെന്നിരിക്കെ മഴക്കാലത്ത് അതിനെപ്പറ്റി ചിന്തിക്കുക പോലുമരുത്. നനഞ്ഞു കിടക്കുന്ന റോഡില്‍നിന്ന് ഓടുന്ന ബസിലേക്കു ചാടിക്കയറുമ്പോള്‍ വീഴ്ച സംഭവിക്കാം.
 
ഇരു വശങ്ങളിലും വയല്‍, തോട് എന്നിവയൊക്കെയുള്ള റോഡിലൂടെയാണ് മഴക്കാലത്ത് വാഹനം ഓടിക്കുന്നതെങ്കില്‍ വശങ്ങളിലേക്ക് അധികം ചേര്‍ന്ന് ഓടിക്കരുത്. ചില റോഡുകള്‍ ഇടിഞ്ഞു പോവാന്‍ സാധ്യതയുള്ളവയാണ്. മഴക്കാലത്ത് അമിത വേഗം ഒഴിവാക്കുക. ട്രാഫിക് നിയമങ്ങള്‍ക്ക് മഴയെന്നോ വെയിലെന്നോയുള്ള വ്യത്യാസമില്ല. നിയമങ്ങള്‍ ഒരിക്കലും തെറ്റിക്കരുത്.
 
നിയമങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ യാതൊരു ക്ഷാമവുമില്ല. അതൊക്കെ കൃത്യമായി നടപ്പാക്കാനാണു വിഷമം. പക്ഷേ, ജീവന്‍ അപകടത്തിലാക്കും വിധം നിയമം തെറ്റിക്കാതിരിക്കുകയാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍