പക്ഷാഘാതം, ഉടന്‍ ആശുപത്രിയിലെത്തിക്കൂ

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2007 (13:19 IST)
പക്ഷാഘാത രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിക്കുന്നത് ജീവന് ഗുരുതരമായ ഭീഷണിയുണ്ടാക്കുന്നു എന്ന് പഠനം. അമേരിക്കയില്‍ ഇത്തരത്തിലുള്ള രോഗികളില്‍ 70 ശതമാനത്തിനും ആദ്യ ലക്ഷണങ്ങള്‍ കാട്ടി മൂന്ന് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിക്കുന്നില്ല എന്നും പഠനം വെളിവാക്കുന്നു.

ആശുപത്രിയില്‍ എത്തിക്കാന്‍ താമസിക്കുന്നത് മൂലം രോഗിയുടെ തലച്ചോറില്‍ രക്തം കട്ടി പിടിക്കാതെ ഇരിക്കാനുള്ള ചികിത്സ ഫലപ്രദമായി നടത്താന്‍ കഴിയാതെ വരുന്നു. മിഷിഗണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

പക്ഷാഘാതത്തിനെതിരെ ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ സാധാരണ രീതിയിലും ആറ് മണിക്കൂറിനുള്ളിലാണെങ്കില്‍ തലച്ചോറിലേക്ക് നേരിട്ടുമാണ് കുത്തിവയ്പ് നടത്തുന്നത്. ഇത് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതും തുടര്‍ന്ന് കോശങ്ങള്‍ നശിക്കുന്നതും തടയും.

അമേരിക്കയില്‍ എല്ലാ 45 സെക്കന്‍ഡിലും ഒരാള്‍ പക്ഷാഘാതത്തിന് ഇരയാവുന്നു. ഇവരില്‍ 44 ശതമാനത്തിന് മാത്രമാണ് മൂന്ന് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിക്കുന്നത്. 36 ശതമാനത്തിന് 12 മണിക്കൂറിനുള്ളില്‍ മാത്രമാണ് ചികിത്സ ലഭിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു.

പെട്ടെന്ന് ഉള്ള മന്ദത, അകാരണമായ തലവേദന, നടക്കാന്‍ വിഷമം,ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, നാക്ക് കുഴയുക, മനസ്സിലാക്കാന്‍ വൈഷമ്യം, കാഴ്ചയി പ്രശ്നം. ശരീരത്തിന്‍റെ ഒരു വശം കുഴയുക തുടങ്ങിയവയാണ് പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.