കറിവയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകിയോ ? സൂക്ഷിക്കൂ... ആരോഗ്യം അപകടത്തിലാണ് !

Webdunia
ചൊവ്വ, 18 ജൂലൈ 2017 (15:57 IST)
എത്ര വൃത്തിയുള്ള ഭക്ഷണ പദാര്‍ത്ഥമായാലും കറിവയ്ക്കുന്നതിനു മുമ്പായി ഒരുതവണയെങ്കിലും കഴുകിയില്ലെങ്കില്‍ എന്തോ കുറവുള്ളതുപോലെയാണ് നമ്മള്‍ മലയാളികള്‍ക്ക്. മലയാളികള്‍ മാത്രമല്ല, ഒട്ടുമിക്ക ആളുകളും ഇതേ രീതിയില്‍ ചിന്തിക്കുന്നവര്‍ തന്നെയാണ്. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ കറിവയ്ക്കും മുന്‍പ് കഴുകുന്നത് ശരിയായ രീതി തന്നെയാണ്. എന്നാല്‍ ചിക്കന്റെ കാര്യത്തില്‍ ഇത് ഇത്തിരി വ്യത്യാസമുണ്ടെന്നാണു പുതിയ ചില പഠനങ്ങള്‍ പറയുന്നത്. 
 
ചിക്കന്‍, കറി വെക്കുന്നതിനു മുമ്പായി കഴുകുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ ചില പഠനങ്ങള്‍ പറയുന്നത്. കറി വയ്ക്കുന്നതിനു മുന്‍പ് ചിക്കന്‍ കഴുകുമ്പോള്‍ ചുറ്റുപാടും ഇതില്‍ നിന്നുള്ള ബാക്ടീരികളും മറ്റു രോഗാണുക്കളും പരക്കുകയാണ് ചെയ്യുന്നത്. പാത്രങ്ങളിലും സിങ്കിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലുമെല്ലാം ഇത്തരത്തില്‍ രോഗാണുക്കളെത്തും. ചിക്കന്‍ മാത്രമല്ല, താറാവിറച്ചി, ടര്‍ക്കിക്കോഴി തുടങ്ങിയവയും ഇത്തരം ഫലങ്ങളുണ്ടാക്കുന്നവയാണെന്നും പഠനങ്ങള്‍ പറയുന്നു. 
 
ഇത്തരം പദാര്‍ത്ഥങ്ങളില്‍ കൂടുതലായുള്ള ഈര്‍പ്പം ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്.  ചിക്കനും മറ്റുള്ള ഇറച്ചികളും നല്ലപോലെ വേവിക്കുന്ന വേളയില്‍ ഇവയിലുള്ള രോഗാണുക്കള്‍ നശിക്കും. അതുകൊണ്ടുതന്നെ ഇവ കഴുകാതെ പാചകം ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നും പഠനങ്ങള്‍ പറയുന്നു. പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം പരിസരത്തും അതുപോലെ മറ്റു ഭക്ഷ്യവസ്തുക്കളിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. 
 
ഇത്തരത്തിലുള്ള ഇറച്ചികള്‍ കഴുകാനുപയോഗിക്കുന്ന പാത്രങ്ങളും സ്ഥലവുമെല്ലാം വൃത്തിയായി കഴുകി ഉണക്കാന്‍  ശ്രദ്ധിക്കണമെന്നും ചില പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതുപോലെ ഇറച്ചി കഴുകാന്‍ ഉപയോഗിച്ച പാത്രം നല്ലപോലെ കഴുകി വൃത്തിയാക്കാതെ അതിലേക്ക് പാചകം ചെയ്തു കഴിഞ്ഞ ഇറച്ചി വയ്ക്കുകയുമരുതെന്നും ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്താല്‍ അതിലെ എല്ലാ രോഗാണുക്കളും പൂര്‍ണമായും നശിച്ചുപോകുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 
Next Article